വിദ്യാർഥികൾക്ക് ആശ്വാസം; നീറ്റ് പരീക്ഷ കേന്ദ്രം കുവൈത്തിൽ പുനഃസ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ എഴുതുന്നവർക്ക് ഒടുവിൽ ആശ്വാസ വാർത്ത ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ പരീക്ഷകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനമെടുത്തു. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ നടക്കുമെന്ന് എൻ.ടി.എ ചൊവ്വാഴ്ച വൈകീട്ടാണ് വ്യക്തമാക്കിയത്. ഇതോടെ കുവൈത്ത് അടക്കമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷക്ക് ഒരുങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസമായി.
ഇതിനകം ഇന്ത്യയിലെ പരീക്ഷകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് തിരുത്താൻ അവസരമുണ്ടാവും. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷം, തിരുത്തിനുള്ള അവസരം നൽകുമ്പോൾ ഇവർക്ക് വിദേശത്ത് സെന്ററുകൾ തിരഞ്ഞെടുക്കാം. പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടു തന്നെ വിദേശ പരീക്ഷാ കേന്ദ്രത്തിന് ഒപ്ഷൻ നൽകാം. ഈ മാസം 10ന് പ്രസിദ്ധീകരിച്ച പരീക്ഷകേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് പുറത്ത് കേന്ദ്രങ്ങളുണ്ടായിരുന്നില്ല. തുടർന്ന് ഗൾഫ് മേഖലയിലെയും ഇന്ത്യക്കാർ കൂടുതലുള്ള മറ്റു രാജ്യങ്ങളിൽ നിന്നും പ്രവാസികൾ ആവശ്യം ഉയർത്തിയിരുന്നു. കുവൈത്തിൽ നാനൂറോളം വിദ്യാർഥികൾ കഴിഞ്ഞ വർഷം പരീക്ഷ എഴുതി. ഈ വർഷം കൂടുതൽ വിദ്യാർഥികൾ പരീക്ഷക്ക് ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രം ഇല്ലെന്ന റിപ്പോർട്ട് വന്നത്. ഇതോടെ പരീക്ഷ എഴുതാൻ നാട്ടിൽ പോകേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും. ഇതിനിടെയാണ് കേന്ദ്രം പുനഃസഥാപിച്ച് അറിയിപ്പു വന്നത്. പ്രവാസികളുടെ ആവശ്യങ്ങളെ തുടർന്ന് 2021 ലാണ് കുവൈത്തിൽ ആദ്യമായി നീറ്റ് പരീക്ഷക്ക് സെന്റർ അനുവദിച്ചത്. ആദ്യ വര്ഷം ഇന്ത്യൻ എംബസിയിലും തുടര്ന്ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളുമായിരുന്നു പരീക്ഷ നടത്തിയത്. കഴിഞ്ഞ വർഷം അബ്ബാസിയയിലെ ഇന്ത്യൻ എജുക്കേഷൻ സ്കൂളിലായിരുന്നു പരീക്ഷ.

