പിന്നോട്ട് കറങ്ങാത്ത സമയം
text_fieldsമനുഷ്യന് ലഭിച്ച ഏറ്റവും വിലപ്പെട്ട അനുഗ്രഹങ്ങളിൽ ഒന്നാണ് സമയം. സമ്പത്ത്, ആരോഗ്യം, മറ്റു ജീവിത വിഭവങ്ങൾ എല്ലാം നഷ്ടപ്പെട്ടാൽ ചിലപ്പോൾ വീണ്ടെടുക്കാൻ സാധിക്കും. എന്നാൽ ഒരിക്കൽ കടന്നുപോയ സമയം തിരികെ വരികയില്ല. അത് അമൂല്യമായ മൂലധനമാണ്. അത് തന്നെയാണ് യഥാർത്ഥത്തിൽ ആയുസ്സും. ജീവിതം മിനിറ്റുകളും സെക്കന്റുകളുമാണെന്ന് ഓരോ ഹൃദയമിടിപ്പും മനുഷ്യനെ ഓർമ്മപ്പെടുതേണ്ടതുണ്ട്.
സമയത്തെയും കാലത്തെയും സൂചിപ്പിക്കുന്ന വിവിധ പദങ്ങളും ആശയങ്ങളും ഖുർആനിൽ ഉണ്ട്. പ്രഭാതം, പ്രദോഷം, പകൽ, രാത്രി, പൂർവാഹ്ന സമയം, കാലം തുടങ്ങിയ യാഥാർഥ്യങ്ങളെ സാക്ഷിയാക്കി ഖുർആൻ അതിന്റെ ആശയങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സമയത്തിന്റെ പ്രാധാന്യം വ്യക്തമാകുന്ന ദൈവിക സൂചനകൾ കൂടിയാണ് അവ. പ്രവാചകൻ പറഞ്ഞു: “അധിക ജനങ്ങളും അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന രണ്ട് അനുഗ്രഹങ്ങളുണ്ട്.ആരോഗ്യവും ഒഴിവുസമയവും ആണ് ആ രണ്ട് അനുഗ്രഹങ്ങൾ”. സമയം എങ്ങനെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കണം എന്ന കാര്യത്തിൽ പലർക്കും വ്യക്തമായ അറിവില്ല. സമയ ക്രമീകരണ നൈപുണ്യം വളരെ പ്രാധാന്യമുള്ള ഒന്നാണ്.
സമയത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുകയും ജീവിതം ക്രമീകരിക്കുകയും ചെയ്യുന്നവർക്കാണ് വിജയിക്കാൻ കഴിയുന്നത്.മനുഷ്യ ജീവിതം വളരെ ചുരുങ്ങിയതാണ്. അതിലെ ദിവസങ്ങളും മണിക്കൂറുകളും അർത്ഥവത്തായി ഉപയോഗിക്കണം. നാം പരിഗണിച്ചാലും ഇല്ലെങ്കിലും സമയം അതിന്റെ പഥത്തിൽ ഒഴുകിക്കൊണ്ടേയിരിക്കും. അനുവദിക്കപ്പെട്ട ആയുസ്സിൽ സൽകർമ്മങ്ങളും ജനോപകാര പ്രവർത്തനങ്ങളും ചെയ്യുക. അങ്ങനെ ചെയ്യുന്നവർ മരണ ശേഷവും ആ നന്മകളുടെ പേരിൽ ഓർക്കപ്പെടും. വാർദ്ധക്യം വരുന്നതിന് മുമ്പുള്ള യുവത്വം, രോഗം വരുന്നതിന് മുമ്പുള്ള ആരോഗ്യം, ദാരിദ്ര്യം വരുന്നതിന് മുമ്പുള്ള ഐശ്വര്യം, തിരക്കുകൾ വരുന്നതിന് മുമ്പുള്ള ഒഴിവുസമയം, മരണത്തിന് മുമ്പുള്ള ജീവിതം…
ഇവയെല്ലാം ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

