സ്നേഹനിധി
text_fieldsദൈവം സ്നേഹമാണ് എന്നത് ബൈബിളിലെ പ്രസിദ്ധമായ ഒരു വചനമാണ്. സ്നേഹമില്ലാത്തവൻ ദൈവത്തെ അറിയുന്നില്ല, ദൈവം സ്നേഹമാകുന്നു (1 യോഹന്നാൻ 4:8)
അൽ വദൂദ് എന്നത് അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളിലൊന്നാണ്. അങ്ങേയറ്റം സ്നേഹിക്കുന്നവൻ, സ്നേഹനിധി എന്നൊക്കെ നമുക്ക് അതിന് അർഥം പറയാം. അല്ലാഹുവിന്റെ സ്നേഹത്തിന് പരിധിയോ നിബന്ധനകളോ ഇല്ല. ഇങ്ങോട്ട് സ്നേഹിച്ചില്ലെങ്കിലും അങ്ങോട്ട് സ്നേഹിക്കുന്നവനാണവൻ.
''അവൻ ഏറെ പൊറുക്കുന്നവനാണ്. അങ്ങേയറ്റം സ്നേഹിക്കുന്നവനും'' (വിശുദ്ധ ഖുർആൻ 85:14)
അല്ലാഹു സ്നേഹനിധിയാണ് എന്ന് ശുഐബ് നബി (അ) തന്റെ ജനതയെ ഓർമിപ്പിക്കുന്നത് വിശുദ്ധ ഖുർആനിൽ കാണാം.
''നിങ്ങൾ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. എന്നിട്ട് അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. തീർച്ചയായും എന്റെ നാഥൻ പരമ ദയാലുവാണ്, ഏറെ സ്നേഹമുള്ളവനും''. (വിശുദ്ധ ഖുർആൻ 11:90)
സത്യവിശ്വാസികൾ അല്ലാഹുവിനെ അതിരറ്റ് സ്നേഹിക്കുന്നവരാണ്. അല്ലാഹുവിനെപ്പോലെ മറ്റാരെയെങ്കിലും സ്നേഹിക്കുന്നത് തെറ്റും കുറ്റവുമായി അവർ മനസ്സിലാക്കുന്നു.
''ചിലയാളുകൾ അല്ലാഹു അല്ലാത്തവരെ അവന് സമന്മാരാക്കിവെക്കുന്നു. അവർ അല്ലാഹുവെ സ്നേഹിക്കുന്നപോലെ ഇവരെയും സ്നേഹിക്കുന്നു. സത്യവിശ്വാസികളോ, പരമമായി സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്'' (വിശുദ്ധ ഖുർആൻ 2:165)
സത്യവിശ്വാസികൾ അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു അവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
''അല്ലാഹു അറിയിക്കും: സത്യസന്ധന്മാർക്ക് തങ്ങളുടെ സത്യം ഉപകരിക്കുന്ന ദിനമാണിത്. അവർക്ക് താഴ്ഭാഗത്തുകൂടെ അരുവികളൊഴുകുന്ന സ്വർഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവർ അവനെപ്പറ്റിയും സംതൃപ്തരാണ്. അതെത്ര അതിമഹത്തായ വിജയം!'' (വിശുദ്ധ ഖുർആൻ 5:119)
സ്നേഹം കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സ്നേഹം കൊടുക്കാത്തവരും സ്നേഹം കൊതിക്കും. ദൈവികമായ ഒരു വികാരമാണ് സ്നേഹം. സ്നേഹമാണഖിലസാരമൂഴിയിൽ എന്നാണല്ലോ കുമാരനാശാൻ നളിനിയിൽ പാടിയത്.
കുടുംബജീവിതത്തെയും സാമൂഹികജീവിതത്തെയും വിജയിപ്പിക്കുന്ന പ്രധാന മന്ത്രം സ്നേഹമാണ്. അല്ലാഹുവാണ് ദമ്പതിമാർക്കിടയിൽ സ്നേഹവും പ്രണയവും ഉണ്ടാക്കിയത് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്.
''അല്ലാഹു നിങ്ങളുടെ വർഗത്തിൽനിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാൻ. നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കി.
ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്'' (വിശുദ്ധ ഖുർആൻ 30:21)
സ്നേഹനിധിയായ അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ മുഹമ്മദ് നബിയെ പിന്തുടരുകയാണ് വേണ്ടത് എന്നും ഖുർആൻ ഉദ്ബോധിപ്പിക്കുന്നു.
''പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. അപ്പോൾ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു'' (വിശുദ്ധ ഖുർആൻ 3:31)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

