സർവജ്ഞൻ
text_fieldsഅറിവിന്റെ ഉറവിടം അല്ലാഹുവാണ്. എല്ലാ കാര്യങ്ങളും സൂക്ഷമമായി അറിയുന്നവനാണവൻ. മനുഷ്യന്റെ അറിവ് കാലവും സ്ഥലവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
അല്ലാഹുവിന്റെ അറിവിന് ഭൂതം, വർത്തമാനം, ഭാവി തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ല. വലിയ അറിവുള്ളവനാണ് എന്ന് മനുഷ്യൻ അഹങ്കരിക്കാറുണ്ടെങ്കിലും അവന്റെ അറിവിന് പരിധിയും പരിമിതിയുമുണ്ട്.
അവൻ അൽപജ്ഞാനിയാണ്. നാലപ്പാട്ട് നാരായണ മേനോൻ പറഞ്ഞതാണ് കാര്യം:
''അനന്തമജ്ഞാത മവർണനീയ മീലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?''
ആദ്യ മനുഷ്യന് മാലാഖമാരുടെ മുമ്പിൽ ഉയർന്നുനിൽക്കാൻ കഴിഞ്ഞത് അറിവിന്റെ കാര്യത്തിലാണ്. എന്നാൽ ആ അറിവത്രയും അവന് പഠിപ്പിച്ചുകൊടുത്തത് അല്ലാഹുവാണ്.
''അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകൾ പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നിൽ പ്രദർശിപ്പിച്ച് അവൻ കൽപ്പിച്ചു: 'നിങ്ങൾ ഇവയുടെ പേരുകൾ പറയുക, നിങ്ങൾ സത്യം പറയുന്നവരെങ്കിൽ?' അവർ പറഞ്ഞു: 'കുറ്റമറ്റവൻ നീ മാത്രം. നീ പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങൾക്കറിയില്ല. എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം'' (വിശുദ്ധ ഖുർആൻ 2:31,32)
മനുഷ്യനടക്കം എല്ലാ ജീവികൾക്കും ജന്മനാ ലഭിക്കുന്ന അറിവുകളുണ്ട്. ചുറ്റുപാടുകളിൽനിന്ന് ആർജിച്ചെടുക്കുന്ന അറിവുകളുമുണ്ട്.
എന്നാൽ, പഠനവും ഗവേഷണവും പരീക്ഷണവും നടത്തി മനുഷ്യൻ തന്റെ അറിവിന്റെ ചക്രവാളം വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും അത് അറിവിന്റെ സമുദ്രത്തിൽ വിരൽ മുക്കിയതുപോലെ മാത്രമേ ആവുകയുള്ളൂ.
അല്ലാഹു പറയുന്നു: ''വിജ്ഞാനത്തിൽനിന്ന് വളരെ കുറച്ചേ നിങ്ങൾക്ക് നൽകിയിട്ടുള്ളൂ'' (വിശുദ്ധ ഖുർആൻ 17:85)
മനുഷ്യൻ പുതുതായി ആർജിച്ചെടുക്കുന്ന അറിവുകളും അല്ലാഹു അവന് പഠിപ്പിച്ചുകൊടുക്കുന്നതാണെന്ന് മുഹമ്മദ് നബി (സ)ക്ക് ആദ്യമിറങ്ങിയ ദിവ്യസൂക്തങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്.
''വായിക്കുക! നിന്റെ നാഥൻ അത്യുദാരനാണ്. പേനകൊണ്ടു പഠിപ്പിച്ചവൻ. മനുഷ്യനെ അവനറിയാത്തത് അല്ലാഹു പഠിപ്പിച്ചു'' (വി.ഖുർആൻ 96: 3,4,5)
അല്ലാഹു അലീമും ഖബീറുമാണ് എന്ന് വിശുദ്ധ ഖുർആനിൽ ആവർത്തിച്ച് പറയുന്നുണ്ട്. പരിമിതികളില്ലാതെ എല്ലാ കാര്യങ്ങളും അറിയുന്നവൻ എന്നാണ് അലീം എന്ന വാക്കിന്റെ അർഥം. അങ്ങേയറ്റം സൂക്ഷ്മമായും കൃത്യമായും കാര്യങ്ങൾ അറിയുന്നവൻ എന്നാണ് ഖബീർ എന്ന വിശേഷണത്തിന്റെ അർഥം. നാളെ എന്തു സംഭവിക്കും എന്ന് കൃത്യമായി അറിയുന്നത് അല്ലാഹുവിന് മാത്രമാണ്. ഭാവി പ്രവചിക്കുന്നവർ എന്ന് അവകാശപ്പെടുന്നവർ മനുഷ്യന്റെ ആശങ്കയും അറിവുകേടും ചൂഷണം ചെയ്യുകയാണ്. അദൃശ്യകാര്യങ്ങളിലുള്ള ജ്ഞാനം ദൈവത്തിന് മാത്രമേ ഉള്ളൂ. അല്ലാഹു പറയുന്നു.
''അഭൗതിക കാര്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു.
അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉൾഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നുംതന്നെ വ്യക്തമായ മൂലപ്രമാണത്തിൽ രേഖപ്പെടുത്താത്തതായി ഇല്ല''. (വിശുദ്ധ ഖുർആൻ 6:59)
നാം നമ്മുടെ മനസ്സിൽ ഒളിപ്പിച്ചുവെക്കുന്ന കാര്യങ്ങൾവരെ അറിയുന്നവനാണല്ലാഹു.
''നിശ്ചയമായും മനസ്സുകളിലുള്ളതൊക്കെ നന്നായി അറിയുന്നവനാണ് അല്ലാഹു'' (വിശുദ്ധ ഖുർആൻ 3:119)
''കണ്ണുകളുടെ കട്ടുനോട്ടവും മനസ്സുകൾ മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു''. (വിശുദ്ധ ഖുർആൻ 40:19)
ചുരുക്കത്തിൽ കൃത്യവും സൂക്ഷ്മവും അപരിമിതവുമായ അറിവിന്റെ ഉടമ അല്ലാഹു മാത്രമാണ്. അവൻ തരുന്ന കുറച്ച് അറിവുകൾ മാത്രമേ നമുക്കുള്ളൂ. അറിവിന്റെ കാര്യത്തിൽ മനുഷ്യന്റെ അഹങ്കാരം അൽപജ്ഞാനിയുടെ അവിവേകം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

