പരമ പരിശുദ്ധൻ
text_fieldsപൂർണമായ പരിശുദ്ധി അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും നിരന്തരം വാഴ്ത്തിക്കൊണ്ടിരിക്കുന്ന പരിശുദ്ധിയാണ് അല്ലാഹുവിന്റേത്.
അൽ ഖുദ്ദൂസ് അഥവ പരമ പരിശുദ്ധൻ എന്നത് അല്ലാഹുവിന്റെ മറ്റൊരു നാമമാണ്. വിശുദ്ധ ഖുർആനിൽ രണ്ട് സ്ഥലങ്ങളിലാണ് അൽ ഖുദ്ദൂസ് എന്ന ഈ നാമം പരാമർശിക്കപ്പെട്ടിട്ടുള്ളത്.
''അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജൻ; പരമപരിശുദ്ധൻ, സമാധാന ദായകൻ'' (വിശുദ്ധ ഖുർആൻ 59:23)
''ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. അവൻ രാജാധിരാജനാണ്. പരമപരിശുദ്ധനാണ്. പ്രതാപിയാണ്. യുക്തിജ്ഞനും'' (വിശുദ്ധ ഖുർആൻ 62:1)
നമുക്ക് സംതൃപ്തമായ ജീവിതം ലഭിക്കാനായി ദൈവത്തിന്റെ ഈ പരമ പവിത്രതയും പരിശുദ്ധിയും നിരന്തരം വാഴ്ത്തിക്കൊണ്ടിരിക്കാം.
''അതിനാൽ ഇവർ പറയുന്നതൊക്കെ നീ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നിന്റെ നാഥനെ പ്രകീർത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക.
രാവിന്റെ ചില യാമങ്ങളിലും പകലിന്റെ രണ്ടറ്റങ്ങളിലും അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. നിനക്കു സംതൃപ്തി ലഭിച്ചേക്കാം'' (വിശുദ്ധ ഖുർആൻ 20:130)
നബി തിരുമേനി രാത്രി നമസ്കാരത്തിന്റെ അവസാനത്തിൽ വിത്റ് കഴിഞ്ഞാൽ സുബ്ഹാനൽ മലിക്കിൽ ഖുദ്ദൂസ് (രാജാധിരാജനും പരമപരിശുദ്ധനുമായവനേ നീ എത്ര പരിശുദ്ധൻ) എന്ന് മൂന്ന് പ്രാവശ്യം പറയാറുണ്ടായിരുന്നുവത്രേ.
മാലാഖമാർ നിരന്തരം അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു.
''മലക്കുകൾ തങ്ങളുടെ നാഥന്റെ പരിശുദ്ധിയെ വാഴ്ത്തിയും പ്രകീർത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം''. (വിശുദ്ധ ഖുർആൻ 39:75)
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അവന്റെ പരിശുദ്ധിയെ നിരന്തരം വാഴ്ത്തിക്കൊണ്ടിരിക്കുന്നു. നാമത് കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രം.
''ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ളവരൊക്കെയും അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കാത്ത യാതൊന്നുമില്ല. പക്ഷേ, അവരുടെ പ്രകീർത്തനം നിങ്ങൾക്ക് മനസ്സിലാവുകയില്ല. അവൻ വളരെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്'' (വിശുദ്ധ ഖുർആൻ 17:44)
''ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിനെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് ആധിപത്യം. അവനാണ് സർവസ്തുതിയും. അവൻ എല്ലാറ്റിനും കഴിവുറ്റവൻ''. (വിശുദ്ധ ഖുർആൻ 64:1)
മനുഷ്യന്റെ സ്വന്തമായ സകല വിശേഷണങ്ങളിൽ നിന്നും ഭാവനകളിൽ നിന്നും പൂർണ പരിശുദ്ധനാണ് അല്ലാഹു.
''അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ഒരു ദൈവവുമില്ല. ഉണ്ടായിരുന്നെങ്കിൽ ഓരോ ദൈവവും താൻ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവർ പരസ്പരം കീഴ്പ്പെടുത്തുമായിരുന്നു. അവർ പറഞ്ഞുപരത്തുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു''. (വിശുദ്ധ ഖുർആൻ 23:91)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

