ഉടമസ്ഥൻ
text_fieldsനാം നമ്മുടേതെന്ന് വിചാരിക്കുന്ന പലകാര്യങ്ങളും യഥാർഥത്തിൽ നമ്മുടേതല്ല. അല്ലാഹു നമുക്ക് തന്നതാണ്. നമ്മുടെ കണ്ണ് എന്ന് നാം പറയാറുണ്ട്. എന്നാൽ, നമ്മുടെ കണ്ണ് നാം ഉണ്ടാക്കിയതാണോ? കണ്ണില്ലാത്ത എത്രയോ പേരുണ്ട്, കണ്ണുണ്ടായിട്ടും കണ്ണിന് കാഴ്ചയില്ലാത്ത ധാരാളം പേരുണ്ട്. നമ്മുടെ കണ്ണുകൾ നമ്മുടേതും നമ്മുടെ നിയന്ത്രണത്തിലുള്ളതുമായിരുന്നെങ്കിൽ കണ്ണിന്റെ കാഴ്ച കുറയാൻ നാമൊരിക്കലും സമ്മതിക്കുകയില്ല.
ദൈവം ചോദിക്കുന്നു. ''അവന് നാം രണ്ട് കണ്ണുകൾ
നൽകിയില്ലേ?'' (വിശുദ്ധ ഖുർആൻ 90:8)
സമ്പത്ത് യഥാർഥത്തിൽ നമ്മുടേതാണോ. അറിവും ബുദ്ധിയും കഴിവുമാണോ നമുക്ക് സമ്പത്ത് ഉണ്ടാക്കിത്തരുന്നത്. അങ്ങനെയാണെങ്കിൽ എഴുതാനും വായിക്കാനും അറിയാത്തവർ കോടീശ്വരൻമാരാവുമായിരുന്നില്ല. ബുദ്ധിജീവികളും ശാസ്ത്രജ്ഞൻമാരും സാമ്പത്തികപ്രയാസം അനുഭവിക്കുമായിരുന്നില്ല. സമ്പത്തിന്റെ യഥാർഥ ഉടമ അല്ലാഹുവാണ്.
''മരണം വന്നെത്തും മുമ്പേ നാം നിങ്ങൾക്ക് നൽകിയ വിഭവങ്ങളിൽനിന്ന് നിങ്ങൾ ചെലവഴിക്കുക'' (വിശുദ്ധ ഖുർആൻ 63:10)
ഈ പ്രപഞ്ചത്തിലുള്ള സകലതും അല്ലാഹുവിന്റേതാണ്.
''ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. എല്ലാം ഒടുവിൽ മടങ്ങിയെത്തുന്നതും അവങ്കലേക്കു തന്നെ'' (വിശുദ്ധ ഖുർആൻ 3:109).
അല്ലാഹു അല്ലാതെ അവർ വിളിച്ചു പ്രാർഥിക്കുന്ന വ്യാജ ദൈവങ്ങളുടെ പ്രധാനപ്പെട്ട ഒരു ന്യൂനത അവർ ഒന്നിന്റെയും ഉടമകളല്ല എന്നാണ്.
''പറയുക: അല്ലാഹുവെ കൂടാതെ നിങ്ങൾ ദൈവമായി സങ്കൽപിച്ചുണ്ടാക്കിയവരോടൊക്കെ വിളിച്ചു പ്രാർഥിച്ചുനോക്കുക. ആകാശത്ത് ഒരണുമണിത്തൂക്കത്തിന്റെ ഉടമാവകാശംപോലും അവർക്കില്ല. ഭൂമിയിലുമില്ല. അവ രണ്ടിലും അവർക്കൊരു പങ്കുമില്ല. അവരിലൊന്നും അല്ലാഹുവിന് ഒരു സഹായിയുമില്ല.'' (വിശുദ്ധ ഖുർആൻ 34:22)
മലിക് എന്നാൽ, രാജാവാണ്. മാലിക് എന്നാൽ ഉടമസ്ഥനാണ്. അല്ലാഹും മലികും മാലിക്കുമാണ്. അഥവാ രാജാവും ഉടമസ്ഥനുമാണ്. വിശുദ്ധ ഖുർആനിൽ മലിക്, മാലിക് എന്നീ വിശേഷണങ്ങൾക്ക് പുറമെ അല്ലാഹുവിനെ മലീക് എന്നും വിശേഷിപ്പിച്ചതായി കാണാം. രാജാധിരാജൻ എന്ന് മലീകിന് അർഥം പറയാം.
മുൽക് (അധികാരം) ഉള്ളവനാണ് മലിക് (രാജാവ്) മിൽക് (ഉടമസ്ഥത) ഉള്ളവനാണ് മാലിക്. മിൽകും മുൽകും ഉള്ളവനാണ് മലീക്. അല്ലാഹു മാലികും മലികും മലീകുമാണ്. അല്ലാഹു സകലതിന്റെയും ഉടമസ്ഥനായ പൂർണ അധികാരമുള്ള രാജാവും രാജാധിരാജനുമാണ്.
''നിനക്കറിയില്ലേ, തീർച്ചയായും അല്ലാഹുവിനു തന്നെയാണ് ആകാശഭൂമികളുടെ സമ്പൂർണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങൾക്കൊരു രക്ഷകനോ സഹായിയോ ഇല്ല.'' (വിശുദ്ധ ഖുർആൻ 2:107)
''അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജൻ'' (വിശുദ്ധ ഖുർആൻ 59:23)
''പറയുക: എല്ലാ ആധിപത്യങ്ങൾക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവർക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരിൽനിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീർച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവൻ തന്നെ'' (വിശുദ്ധ ഖുർആൻ 3:26)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

