റമദാൻ സൗഹൃദ ഫുട്ബാൾ: മന്ത്രിമാർക്കെതിരെ എം.പിമാർക്ക് നാലുഗോൾ ജയം
text_fieldsഎം.പിമാരുടെയും മന്ത്രിമാരുടെയും സൗഹൃദ ഫുട്ബാളിൽ സ്പീക്കർ മർസൂഖ് അൽ ഗാനിമിെൻറ മുന്നേറ്റം
കുവൈത്ത് സിറ്റി: നാലാമത് അൽ ഷഹൂമി റമദാൻ ഫുട്ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് എം.പിമാരുടെയും മന്ത്രിമാരുടെയും സൗഹൃദ മത്സരം സംഘടിപ്പിച്ചു. ഹാട്രിക് പ്രകടനവുമായി സ്പീക്കർ മർസൂഖ് അൽ ഗാനിം തിളങ്ങിയപ്പോൾ നാലുഗോൾ വിജയവുമായി എം.പിമാർ മേധാവിത്വം ഉറപ്പിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മർസൂഖ് അൽ ഗാനിം എം.പിമാർക്ക് ലീഡ് നേടിക്കൊടുത്തു.
ലോങ് ഷോട്ടിലൂടെ അദ്ദേഹം രണ്ടാം ഗോളും നേടിയതോടെ സർക്കാർ ഭാഗം ഗോൾകീപ്പറെ മാറ്റി. അബ്ദുൽ വഹാബ് അൽ റഷീദിന് പകരം മുൻ മന്ത്രി യാസർ അബൽ വല കാക്കാനെത്തി.
മുബാറക് അൽ കഹ്മയിലൂടെ മൂന്നാം ഗോളും നേടി എം.പിമാർ മേധാവിത്വം അരക്കിട്ടുറപ്പിച്ച് ആദ്യപകുതി അവസാനിപ്പിച്ചു.
അൽ അമീൻ അഹ്മദ് അൽ ഷഹൂമി ഗോൾവല കാത്ത പാർലമെൻറ് ടീമിന് ഒരുഘട്ടത്തിലും ഭീഷണി ഉയർത്താൻ മന്ത്രിമാർക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിലും എം.പിമാർ തുടരെ ആക്രമണം അഴിച്ചുവിട്ടു.
താരതമ്യേന ചെറുപ്പക്കാർ ആയിരുന്നത് അവർക്ക് വ്യക്തമായ മുൻതൂക്കം നൽകി. 68 വയസ്സുള്ള പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് നയിച്ച് മന്ത്രിപ്പടയിൽ ഏറ്റവും ചെറുപ്പം ആദ്യം വല കാക്കാൻ ഏൽപിച്ച അബ്ദുൽ വഹാബ് അൽ റഷീദ് ആയിരുന്നു. കൈകൾ ചോരുന്നുവെന്ന് കണ്ടതോടെ അദ്ദേഹത്തെ വൈകാതെ തന്നെ തിരിച്ചുവിളിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി മർസൂഖ് അൽ ഗാനിം പട്ടിക പൂർത്തിയാക്കി. എന്നാൽ, അവസാനത്തെ ഗോളിൽ മന്ത്രിമാർ തർക്കം ഉന്നയിച്ചു. മൂന്നു ഗോൾ തോൽവിയേ തങ്ങൾ അംഗീകരിക്കുന്നുള്ളൂ എന്നു പറഞ്ഞ് അവർ അപ്പീൽ നൽകി. വീറിനും വാശിക്കും അപ്പുറമാണ് സൗഹൃദം എന്നതിനാൽ അപ്പീലിൽ കൂടുതൽ ചർച്ചയില്ലാതെ ടീമുകൾ കൈകൊടുത്തുപിരിഞ്ഞു. എം.പിമാരുടെ ടീമിനെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

