റമദാൻ: 12,772 ഉൽപന്നങ്ങൾക്ക് വില കുറച്ചു
text_fieldsകുവൈത്ത് സിറ്റി: റമദാൻ പ്രമാണിച്ച് വിപണിയിൽ 12,772 ഉൽപന്നങ്ങൾക്ക് വില കുറച്ചതായി വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. വിവിധ ഉൽപന്നങ്ങൾക്ക് 20 മുതൽ 70 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. റമദാനിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ പരിഗണിച്ചാണിതെന്ന് അധികൃതർ വിശദീകരിച്ചു. വിലക്കുറവ് ഏർപ്പെടുത്തിയ വിഭാഗത്തിൽ ഭക്ഷ്യയുൽപന്നങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അതിനിടെ, വില വർധനയും മറ്റു കൃത്രിമങ്ങളും കണ്ടെത്താൻ മന്ത്രാലയം വിപണിയിൽ ശക്തമായ പരിശോധന നടത്തും.
ഗുണമേന്മയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഉൽപന്നങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന. ജംഇയ്യകൾ, ഹൈപ്പർ-സൂപ്പർ മാർക്കറ്റുകൾ അടക്കം എല്ലാ ഭക്ഷ്യയുൽപന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും. കേടായ സാധനങ്ങൾ വിൽക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റമദാനിൽ അവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചൂഷണം ചെയ്ത് കൃത്രിമ വിലവർധന ഉണ്ടാക്കുന്നവരുണ്ട്. പഴം, പച്ചക്കറി വിപണിയിലെയും മാംസ- മത്സ്യ വിപണിയിലെയും വിലനിലവാരം അപ്പപ്പോൾ പഠന വിധേയമാക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവശ്യ സാധനങ്ങളുടെ വില വർധന നേരിടുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
