രാജീവ് ഗാന്ധി പുരസ്കാര സമർപ്പണം ആഗസ്റ്റിൽ
text_fieldsഒ.ഐ.സി.സി കുവൈത്ത് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
കുവൈത്ത് സിറ്റി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒ.ഐ.സി.സി കുവൈത്ത് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള ‘പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം’കെ.സി.വേണുഗോപാൽ എം.പിക്ക് ആഗസ്റ്റ് 22ന് കൈമാറും. പരിപാടിയിൽ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്കാരം വിതരണം ചെയ്യും.
മുൻ മന്ത്രിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ എ.പി. അനിൽ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈത്തിന്റെ ചുമതലയുമുള്ള അഡ്വ.അബ്ദുൽ മുത്തലിബ്, മറിയ ഉമ്മൻ ചാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത സന്ധ്യയും ഉണ്ടാകും.
വയനാട് പുനരധിവാസം: ഒ.ഐ.സി.സി വീട് നൽകും
വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ 100 ഭവനം നിർമിച്ചുകൊടുക്കുന്ന പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈത്ത് നൽകുന്ന ആദ്യ ഭവനത്തിനുള്ള ‘വേണു പൂർണിമ’സഹായ പദ്ധതി ചടങ്ങിൽ കൈമാറും. മുൻ മന്ത്രിയും കെ.പി.സി.സി വർക്കിംങ് പ്രസിഡന്റുമായ എ.പി.അനിൽകുമാർ തുക ഏറ്റുവാങ്ങും. പൂർണമായും പ്രവർത്തകരിൽ നിന്നുള്ള സംഭാവന ഉപയോഗിച്ചാണ് വീട് നിർമിക്കുന്നതെന്ന് ഒ.ഐ.സി.സി വ്യക്തമാക്കി.
പുനഃസംഘടന ഉടൻ
ഒ.ഐ.സി.സി കുവൈത്ത് പുനസംഘടന ഉടൻ നടക്കുമെന്ന് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര പറഞ്ഞു. സംഘടനയിൽ അഭിപ്രായ വ്യത്യാസമില്ല. ആഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികൾ ചുമതല ഏൽക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ വർഗീസ് ജോസഫ് മാരാമൻ, ജോയ് ജോൺ തുരുത്തികര, സുരേഷ് മാത്തൂർ, പബ്ലിസിറ്റി കൺവീനർ എം.എ. നിസ്സാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

