കുവൈത്തിൽ മഴ തുടരും
text_fieldsമഴയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ, ജലീബ് സിസ്ക്ത് റിങ് റോഡിൽ നിന്നുള്ള കാഴ്ച
കുവൈത്ത് സിറ്റി: കാലാവസ്ഥ മുന്നറിയിപ്പുകൾ ശരിവെക്കുന്നവിധം കുവൈത്തിൽ ചൊവ്വാഴ്ച പെയ്തത് ശക്തമായ മഴ. ഉച്ചക്കുശേഷം ആരംഭിച്ച മഴ രാജ്യത്തിന്റെ തെക്കൻഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്തു. ഇടിയും മിന്നലും അകമ്പടിയുള്ള മഴയിൽ പലയിടത്തും മഞ്ഞുവീഴ്ചയുമുണ്ടായി. പലയിടങ്ങളിലും ഗതാഗതതടസ്സവും അനുഭവപ്പെട്ടു. പല റോഡുകളിലും വെള്ളം കയറിയത് ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിച്ചു.
അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. മൂടല്‍മഞ്ഞും മഴയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. അപകടങ്ങള്‍ക്ക് കാരണമാകുന്നരീതിയില്‍ വാഹനം ഡ്രൈവ് ചെയ്യരുത്. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
മഴയിൽ കുട ചൂടി താമസ്ഥലത്തേക്ക് മടങ്ങുന്നവർ. അബ്ബാസിയയിൽ നിന്നുള്ള കാഴ്ച
അടുത്ത ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസ് വരെയും മരുപ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെയും കുറയാം. തണുപ്പ് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും മുന്നറിയിപ്പുണ്ട്.ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അഹമ്മദി മേഖലയിൽ മൊത്തം 52 മില്ലിമീറ്റർ മഴ പെയ്തു. ഉമ്മുൽ ഹൈമാനിലും രാജ്യത്തിന്റെ മറ്റ് പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോർട്ടുണ്ട്.
മഴയത്ത് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
- വാഹനങ്ങൾ നിശ്ചിത അകലം പാലിക്കണം
- കുട്ടികളെ പിൻസീറ്റിൽ ഇരുത്താൻ ശ്രദ്ധിക്കുക
- ദുർഘടമായ റോഡുകൾ ഒഴിവാക്കുക
- അടിയന്തര സാഹചര്യങ്ങളിൽ 112 ൽ വിളിക്കാം
- കോസ്റ്റ്ഗാഡ് സഹായത്തിന്- 1880888
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

