മഴ മുന്നറിയിപ്പ്; കുവൈത്ത് വെള്ളിയാഴ്ച വരെ മേഘാവൃതമായേക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച നേരിയ മഴക്കും മിന്നലിനും സാധ്യതയുള്ളതായി കാലാവസഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മഴക്കും മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും ഉണർത്തി. പ്രയാസകരമായ ഘട്ടങ്ങളിൽ വാഹനങ്ങളുമായി പുറത്തിറങ്ങരുത്.
ശൈത്യകാലത്തിന്റെ വരവോടെ രാജ്യത്ത് പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ബുധനാഴ്ച അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. ആകാശത്ത് കൂടുതൽ കാർമേഘങ്ങളും ദൃശ്യമായി. വെള്ളിയാഴ്ച രാവിലെവരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ മർസൂഖ് വ്യക്തമാക്കി.
രാത്രിയിൽ നേരിയ മഴക്കുപുറമെ, വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച് തീരപ്രദേശങ്ങൾക്കുസമീപം മൂടൽമഞ്ഞ് രൂപപ്പെടാം. ഡിസംബർ 19 വരെ വടക്കൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് താപനിലയിൽ നേരിയ ഇടിവിന് കാരണമാകും. രാത്രി താപനില 14 മുതൽ 15 ഡിഗ്രി വരെ ആകാം. ഡിസംബർ 20ഓടെ കാറ്റുവീശൽ അവസാനിച്ചേക്കും.
തണുപ്പുകാലം എത്തിയതോടെ രാജ്യത്ത് പകൽ 21 മുതൽ 23 ഡിഗ്രി വരെയും രാത്രി 13-16 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തുന്നുണ്ട്. ഈ കാലയളവിലെ മൊത്തത്തിലുള്ള ശരാശരി താപനില പരമാവധി 23 മുതൽ 18 ഡിഗ്രിക്കും കുറഞ്ഞത് 12നും എട്ടിനും ഇടയിലാണ്.
ജാഗ്രത പാലിക്കണം
പ്രക്ഷുബ്ധമായ കാലാവസ്ഥയെക്കുറിച്ച് വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി. സഹായം ആവശ്യമുള്ളവർക്ക് മന്ത്രാലയത്തിന്റെ 112 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
കടലിൽ ദുരിതമനുഭവിക്കുന്നവർക്ക് 1880888 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

