പ്രവചനം ശരിവെച്ച് പെരുമഴ: ഇന്നും പൊതുഅവധി
text_fieldsകുവൈത്ത് സിറ്റി: കനത്ത മഴയെ തുടർന്ന് കുവൈത്തിൽ വ്യാഴാഴ്ചയും സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അടിയന്തര മന്ത്രിസഭാ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. ബുധനാഴ്ചയും കുവൈത്തിൽ പൊതുഅവധിയായിരുന്നു. പ്രവചനങ്ങൾ ശരിവെച്ച് ബുധനാഴ്ച കുവൈത്തിൽ പകലുടനീളം മഴ പെയ്തു. വൈകീേട്ടാടെ ശക്തിപ്രാപിച്ച മഴ സെവൻത് റിങ് റോഡ് പുഴപോലെ ഒഴുകാൻ കാരണമായി. സെവൻത് റിങ് റോഡിൽ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ഏതാനും വാഹനങ്ങൾ ഒലിച്ചുപോയി.
ഒഴുക്കിൽപെട്ട ആളുകളെ നാട്ടുകാരും സുരക്ഷാ അധികൃതരും ചേർന്ന് സാഹസികമായി രക്ഷിച്ചു. എവിടെയും അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൈന്യവും നാഷനൽ ഗാർഡും അഗ്നിശമന വിഭാഗവും ഉൾപ്പെടെ സർവസന്നാഹവും കർമനിരതരായിരുന്നു. ചില ഭാഗങ്ങളിൽ ശക്തമായിരുന്നെങ്കിലും പൊതുവെ കഴിഞ്ഞ ആഴ്ചത്തെ പോലെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയില്ല. വെള്ളം പൊങ്ങാതിരിക്കാൻ റോഡുകളിൽനിന്ന് ടാങ്കറും മോേട്ടാറും ഉപയോഗിച്ച് വറ്റിച്ചുകൊണ്ടിരുന്നു. വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിലേക്ക് പോകാൻ അനുവദിക്കാതെ വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു.
ഉച്ചക്കുശേഷം മംഗഫ് പാലം അടച്ചു. പുഴപോലെ ഒഴുകിയ സെവൻത് റിങ് റോഡിലും ഇരുദിശയിലേക്കും ഗതാഗതം വിലക്കി. 30ാം നമ്പർ റോഡിലും വെള്ളക്കെട്ടുണ്ടായി. സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നതുകൊണ്ട് നിരത്തിൽ തിരക്കുണ്ടായിരുന്നില്ല. ബാങ്കുകൾക്കും ഒാഹരിവിപണിക്കും അവധിയായിരുന്നു. ചില സ്വകാര്യ കമ്പനികളും പ്രവർത്തിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ ഹാജർ നില പൊതുവെ കുറവായിരുന്നു. അഹ്മദി ഗവർണറേറ്റിലാണ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. സബാഹ് അൽ അഹ്മദിൽ ക്യാമ്പ് ചെയ്താണ് നാഷനൽ ഗാർഡ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
