ക്യു സെവൻ കെ.പി.എൽ കിരീടം ഫ്രൈഡേ കോർട്ടിന്
text_fieldsകുവൈത്ത് സിറ്റി: ക്യു സെവൻ കുവൈത്ത് പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ ഒമ്പതിെൻറ ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പാർക് ഇലവനെതിരെ ഫ്രൈഡേ കോർട്ടിന് ഒരു വിക്കറ്റ് ജയം. ആവേശം അലതല്ലിയ മത്സരത്തിൽ അവസാന മൂന്നു പന്ത് ബാക്കി നിൽക്കെയാണ് വിജയലക്ഷ്യമായ 145 റൺസ് ഫ്രൈഡേ കോർട്ട് മറികടന്നത്.
അവസാന ഓവറിലെ മൂന്നാം പന്തിൽ ബാഷാരത് അലി ഖാൻ ഉയർത്തിയ കൂറ്റൻ സിക്സർ അവർക്ക് വിജയം സമ്മാനിക്കുകയായിരുന്നു. സ്കോർ: സ്പാർക് -144 /9, ഫ്രൈഡേ കോർട്ട് -145/9. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്പാർക് ഇലവൻ വെങ്കടേശലു (40), ശരത് (27), റഈസ് (25) എന്നിവരുടെ ബാറ്റിങ് മികവിൽ ഒമ്പത് വിക്കറ്റിന് 144 റൺസെടുത്തു. ബഷാരത് അലി ഖാൻ മൂന്നു വിക്കറ്റ് നേടി. അവസാന ഓവറുകളിൽ റഈസ് മജീദിെൻറ തകർപ്പൻ ബാറ്റിങ്ങാണ് സ്പാർക് ഇലവന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫ്രൈഡേ കോർട്ട് തകർച്ചയോടെയാണ് തുടങ്ങിയത്. 37 റൺസെടുക്കുമ്പോഴേക്കും കുവൈത്ത് നാഷനൽ പ്ലയർ സാജിദ് കലാം അടക്കം നാലു വിക്കറ്റ് നഷ്ടമായി. ശേഷം, ബിലാലും ക്യാപ്റ്റൻ മർസൂഖും ചേർന്ന് കരകയറ്റി. സ്കോർ 65 ആയപ്പോൾ മർസൂഖ് പുറത്തായി. വൈകാതെ ബിലാലും പുറത്തായതോടെ ഫ്രൈഡേ കോർട്ട് തകർച്ചയിലേക്കു നീങ്ങി.
ജയപരാജയം മാറിമറിഞ്ഞ മത്സരത്തിൽ ഒമ്പതാമനായി ഇറങ്ങിയ റഫീഖ് നാലു കൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ 21 പന്തിൽ 28 റൺസെടുത്തു. ആവസാന 10 പന്തിൽ ജയിക്കാൻ 22 വേണ്ടിയിരുന്ന ഫ്രൈഡേ കോർട്ടിനെ ഏഴു പന്തിൽ മൂന്നു സിക്സറുകളോടെ 21 റൺസെടുത്ത ബഷാരത് അലി ഖാൻ വിജയത്തിലെത്തിച്ചു. സ്പാർക്കിന് വേണ്ടി ഹസൻ കാസി നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി.
മാൻ ഓഫ് ദി ഫൈനലായി ബഷാരത് അലിയെയും എറ്റേർനിറ്റി ട്രാവൽ മാൻ ഓഫ് ദി സീരീസായി ശൈലേഷ് കാഞ്ചനെയും െതരഞ്ഞെടുത്തു. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച 10 വീതം ബൗളർമാരെയും ബാറ്റ്സ്മാൻമാരെയും ഉപഹാരം നൽകി ആദരിച്ചു. വൂപ് മീഡിയയും സിങ് മീഡിയയും കളി തത്സമയ സംപ്രേഷണം നടത്തി. സമ്മാനദാന ചടങ്ങിൽ ടൈറ്റിൽ സ്പോൺസറായ ക്യൂ സെവനിെൻറ പാർട്ണർമാരായ ശിഹാബ്, നൗഷാദ്, എറ്റേർനിറ്റി ട്രാവൽസ് സാൽമിയ മാനേജർ ജെറി ഉമ്മൻ, വൂപ് മീഡിയ ചെയർമാൻ താരിഖ് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
