ഖത്തറിന്റെ സുരക്ഷ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകം-കുവൈത്ത് കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സുരക്ഷയുടെ അടിസ്ഥാന സ്തംഭവും അവിഭാജ്യ ഘടകവുമാണ് ഖത്തറിന്റെ സുരക്ഷയെന്ന് കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്. ദോഹയിൽ അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശിയുടെ പരാമർശം.
ഇസ്രായേൽ നിലപാട് പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് വ്യക്തമായ ഭീഷണിയും, മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ നേരിട്ട് ദുർബലപ്പെടുത്തുന്നതുമാണ്. അന്താരാഷ്ട്ര സംവിധാനങ്ങളോടുള്ള വ്യക്തമായ അവഗണനയാണിതെന്നും കിരീടാവകാശി ചൂണ്ടികാട്ടി.
അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാകൗൺസിലും ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. മേഖലയിലെ രാജ്യങ്ങൾക്കെതിരായ വ്യവസ്ഥാപിതമായ ആക്രമണം തടയാൻ ഗൗരവമേറിയതും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ ഫലസ്തീൻ ജനതയുടെ രക്തച്ചൊരിച്ചിൽ തടയുന്നതിനും, യുദ്ധക്കുറ്റങ്ങൾ, വംശഹത്യ, പട്ടിണി എന്നിവ പരിഹരിക്കുന്നതിനും, വെടിനിർത്തൽ കരാറിനുമായി ഖത്തർ നടത്തിയ അക്ഷീണവും ആത്മാർത്ഥവുമായ ശ്രമങ്ങളെ കിരീടാവകാശി പരാമർശിച്ചു.
സ്ഥിതിഗതികൾ ശാന്തമാക്കാനും സമാധാനം കൈവരിക്കാനുമുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തിന്റെ വ്യക്തമായ തെളിവാണ് ദോഹക്കെതിരായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ തങ്ങളുടെ സുരക്ഷ, സ്ഥിരത, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണ കിരീടാവകാശി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

