ആഭ്യന്തര മന്ത്രിക്ക് ഖത്തറിന്റെ ക്ഷണം
text_fieldsമന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് ഖത്തർ അംബാസഡറുമായി
കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന് ഖത്തർ സന്ദർശനത്തിന് ക്ഷണം. ഖത്തർ ആഭ്യന്തരമന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയിൽനിന്ന് രേഖാമൂലമുള്ള സന്ദേശം ശൈഖ് തലാലിന് ലഭിച്ചു.
നിരവധി സുരക്ഷാകാര്യങ്ങൾ ചർച്ച ചെയ്യാനും കൂടിയാലോചിക്കാനും സന്ദർശനം വഴി കഴിയുമെന്നും സൂചിപ്പിച്ചു. സെയ്ഫ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഖത്തർ അംബാസഡർ അലി ബിൻ അബ്ദുല്ല അൽ മഹ്മൂദ്, ശൈഖ് തലാലിന് ക്ഷണക്കത്ത് കൈമാറി. കൂടിക്കാഴ്ചയിൽ പൊതുവായ മറ്റു നിരവധി വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധത്തെ ശക്തിപ്പെടുത്തുന്ന വിഷയങ്ങളെ ഖത്തർ അംബാസഡർ അഭിനന്ദിച്ചു. ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് തിങ്കളാഴ്ച കുവൈത്തിലെ സൗദി അറേബ്യ അംബാസഡർ സാദ് ബിൻ ഖാലിദ് അൽ സൗദുമായും കൂടിക്കാഴ്ച നടത്തി.സുരക്ഷയുമായി ബന്ധപ്പെട്ടവയും പൊതുവായ ആശങ്കയുള്ള മറ്റു വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു.

