കുവൈത്തിൽ പള്ളി ജീവനക്കാർക്കും പഞ്ചിങ് സംവിധാനം വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പള്ളികളിലും പഞ്ചിങ് സംവിധാനം നടപ്പാക്കാൻ ഔഖാഫ്–ഇസ്ലാമികകാര്യമന്ത്രാലയം നീക്കം ആരംഭിച്ചു. പള്ളി ജീവനക്കാരായ ഇമാം, മുഅദ്ദിൻ, ഖത്തീബ് എന്നിവർ ഓരോ നമസ്കാരത്തിന് മുമ്പും ശേഷവും പഞ്ചിങ് മെഷിനിൽ ഹാജർ രേഖപ്പെടുത്തേണ്ടി വരും. സ്വകാര്യപത്രവുമായുള്ള അഭിമുഖത്തിൽ ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മന്ത്രാലയത്തിന് കീഴിലെ പള്ളികളിൽ സ്ഥാപിക്കാൻ 1600 പഞ്ചിങ് മെഷിനുകൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിട്ടുണ്ട്. അതേസമയം, മറ്റ് വകുപ്പുകളിൽനിന്ന് വ്യത്യസ്തമായി പള്ളികളിലെ പ്രാർഥനാ സമയങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ മെഷിനുകളിലും അതിനനുസരിച്ച ക്രമീകരണമുണ്ടാകും. നിലവിൽ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാര സമയമൊഴിച്ച് മറ്റ് പ്രാർഥനാ വേളകളിൽ ചില പള്ളികളിലെങ്കിലും ഇമാമും മുഅദ്ദിനും ഒരുമിച്ചുണ്ടാകാറില്ല. ഹാജർ നില രേഖപ്പെടുത്താനുള്ള സംവിധാനമില്ലാത്തതിനാൽ ജീവനക്കാർ പരസ്പര ധാരണയോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാറ്.
ഇനി ഓരോ നമസ്കാര സമയങ്ങളിലും ഇമാമും മുഅദ്ദിനും സ്ഥലത്തുണ്ടായിരിക്കൽ നിർബന്ധമാകും. ഒക്ടോബർ ഒന്ന് മുതൽക്കാണ് രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളിലും പഞ്ചിങ് സംവിധാനം നിർബന്ധമാക്കിയത്. സർക്കാർ ജീവനക്കാരുടെ ഹാജർ നില രേഖപ്പെടുത്തന്നതിെൻറ ഭാഗമായാണിത്. ഇതിൽനിന്ന് പള്ളി ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവിസ് കമീഷന് അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. സർക്കാർ ശമ്പളം പറ്റുന്ന എല്ലാ ജീവനക്കാർക്കും നിയമം ബാധകമാണെന്ന് കമീഷൻ നിലപാട് സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
