വിരലടയാള പഞ്ചിങ്: ആദ്യ ദിനത്തിലെ ഹാജർനില 90 ശതമാനം
text_fieldsകുവൈത്ത് സിറ്റി: വിരലടയാള പഞ്ചിങ് സംവിധാനത്തിലൂടെ ഹാജർനില രേഖപ്പെടുത്തൽ പ്രാബല്യത്തിലായ ദിവസം സർക്കാർ മേഖലയിലെ 90 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരായി. വിരലടയാളം പതിക്കാതിരുന്നാൽ ജോലി ചെയ്തതിന് തെളിവ് ഉണ്ടാകില്ലെന്നും ശമ്പളം തടയാൻ കാരണമാകുമെന്നുമുള്ള ഭയത്താൽ എല്ലാവരും ജാഗ്രത കാണിച്ചതാണ് ഹാജർനില കൂടാൻ കാരണം. സംവിധാനം പ്രാബല്യത്തിലായതോടെ ഗതാഗതക്കുരുക്ക് വർധിച്ചതായും റിപ്പോർട്ടുണ്ട്. എല്ലാവർക്കും ഒരേസമയം വിരലടയാളം രേഖപ്പെടുേത്തണ്ടതിനാൽ ഓഫിസുകളിലെത്താൻ ജീവനക്കാർ ധൃതിപ്പെട്ടു.
ഒക്ടോബർ ഒന്ന് മുതലാണ് സർക്കാർ മേഖലയിൽ വിരലടയാള പഞ്ചിങ് കണിശമായി നടപ്പാക്കാൻ ആരംഭിച്ചത്. പൊതുമേഖലയിലെ എല്ലാ ജീവനക്കാർക്കും വകുപ്പ് മേധാവികൾക്കും പഞ്ചിങ് നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും തൽക്കാലത്തേക്ക് മാറ്റി നിർത്തിയിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ വിരലടയാള പഞ്ചിങ് സംവിധാനം കർശനമായി നടപ്പാക്കുമെന്ന് സിവിൽ സർവിസ് കമീഷൻ (സി.എസ്.സി) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അംഗപരിമിതിയുള്ള ജീവനക്കാർക്ക് മാത്രമാണ് ഇളവുള്ളത്. നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണിത്. ജോലിയിൽ സുതാര്യത വരുത്തുകയും അതിലൂടെ ഖജനാവിന് നഷ്ടം സംഭവിക്കുന്നത് ഇല്ലാതാക്കുകയുമാണ് വിരലടയാള പഞ്ചിങ്ങിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
