ഗതാഗതപ്രശ്നങ്ങൾ കുറക്കാൻ പൊതുഗതാഗതസംവിധാനം വികസിപ്പിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതപ്രശ്നങ്ങൾ കുറക്കാൻ പൊതുഗതാഗത സംവിധാനമാണ് പ്രധാന പരിഹാരമെന്ന് അഭിപ്രായം. കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റി അംഗം ഡോ. ജമാൽ അൽ മുതവയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബസ്, മെട്രോ, ട്രെയിൻ എന്നിവ ഉൾപ്പെടുന്ന കാര്യക്ഷമമായ പൊതുഗതാഗതസംവിധാനം ഗതാഗതക്കുരുക്ക് അമ്പത് ശതമാനം വരെ കുറക്കുമെന്ന് അന്താരാഷ്ട്ര പഠനങ്ങൾ തെളിയിക്കുന്നതായി ഡോ. അൽ മുതവ പറഞ്ഞു. പാലങ്ങൾ, തുരങ്കങ്ങൾ, റോഡ് വികസനം എന്നിവ വാഹനങ്ങളുടെ തിരക്ക് കുറക്കാൻ സഹായിക്കും.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാൻ വിശ്വസനീയവും കുറഞ്ഞ ചെലവിലുമുള്ള സേവനങ്ങൾ ഒരുക്കണമെന്നും ഒരാള്‍ ഒന്നില്‍ കൂടുതല്‍ കാർ സ്വന്തമാക്കുന്നത് നിയന്ത്രിക്കാൻ ഇന്ധനവിലയും ഇൻഷുറൻസ് ഫീസും പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗതക്കുരുക്ക് സാമൂഹികമായും സാമ്പത്തികമായും ആരോഗ്യപരമായും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. നഗര ആസൂത്രണം, സമതുലിത സേവന വിതരണം, മതിയായ പാർക്കിങ് സൗകര്യം എന്നിവയും ഗതാഗത പരിഹാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് റെയിൽവേയുടെ കുവൈത്ത് ഭാഗം വേഗത്തിലുള്ള ചരക്ക് ഗതാഗതത്തിനും രാജ്യത്തെ പ്രാദേശിക സാമ്പത്തിക കേന്ദ്രമാക്കുന്നതിനും സഹായകരമാകുമെന്നും ഡോ. ജമാൽ അൽ മുതവ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

