പ്രവാസലോകത്തും വേണം 'ജനസമ്പർക്കം'
text_fieldsകുവൈത്തിലെത്തുന്ന ജനപ്രതിനിധികൾ കേവലം പ്രസംഗകർ മാത്രമായി ഒതുങ്ങാതെ, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും സന്നദ്ധരാകണം. സംഘടനകൾ നടത്തുന്ന മെഗാ പ്രോഗ്രാമുകളിൽ അതിഥികളായി എത്തുന്ന ജനപ്രതിനിധികൾക്ക് മുന്നിൽ പ്രവാസികളുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ നിലവിൽ കൃത്യമായ വേദികളില്ല. ആൾക്കൂട്ടത്തിനിടയിൽ അവരുടെ പ്രസംഗം കേട്ടു മടങ്ങുന്ന അവസ്ഥക്ക് മാറ്റം വരണം.
പകരം, ഓരോ സന്ദർശനവേളയിലും പ്രധാന സംഘടനകളുടെ പ്രതിനിധികളുമായോ അല്ലെങ്കിൽ പൊതുവായ ഒരു വേദിയിലോ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് ചർച്ച ചെയ്യാനുള്ള 'ജനസമ്പർക്ക' പരിപാടികൾ സംഘടിപ്പിക്കാൻ സംഘാടകരും ജനപ്രതിനിധികളും തയാറാകണം.
നാട്ടിൽ ചെല്ലുന്ന ചുരുങ്ങിയ ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾ കയറിയിറങ്ങാൻ കഴിയാത്ത പ്രവാസികൾക്കായി പ്രത്യേക അദാലത്തുകളോ സ്ഥിരം സംവിധാനങ്ങളോ ആവശ്യമാണ്.
താഴെത്തട്ടിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ ജീവിത സാഹചര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.
നാട്ടിലെ ഏത് പ്രതിസന്ധിഘട്ടത്തിലും സാമ്പത്തികമായും അല്ലാതെയും ആദ്യം സഹായഹസ്തം നീട്ടുന്നത് പ്രവാസികളാണ്. എന്നാൽ അവരുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പലപ്പോഴും അധികൃതരിൽ നിന്ന് അവഗണനയാണ് ഉണ്ടാകാറ്. പ്രവാസികളെ കേവലം 'പണം അയക്കുന്ന യന്ത്രങ്ങളായി' കാണാതെ, അവരുടെ വേദനകളും ആവലാതികളും കേൾക്കാൻ രാഷ്ട്രീയ-സാമൂഹിക നേതൃത്വങ്ങൾ സന്നദ്ധമാകണം. സാധാരണക്കാരായ പ്രവാസികളോട് തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്ന് ജനപ്രതിനിധികൾ തെളിയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

