പൊതുജനാരോഗ്യ സംരക്ഷണം; സലൂണുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കും പുതിയ മാർഗനിർദേശം
text_fieldsകുവൈത്ത് സിറ്റി: സലൂണുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കും പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം. ടാറ്റൂ ഉപകരണങ്ങൾ, റേസർ പുനരുപയോഗം, പ്രായപൂർത്തിയാകാത്തവർക്ക് ടാനിങ് എന്നിവക്ക് നിരോധനം ഏർപ്പെടുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കൽ, അണുബാധ വ്യാപനം തടയൽ എന്നിവയുടെ ഭാഗമായാണ് നടപടി.
ആരോഗ്യ സ്ഥാപനങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ, സലൂണുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സൗന്ദര്യ, വ്യക്തിഗത പരിചരണ കേന്ദ്രങ്ങൾ എന്നിവക്കെല്ലാം ഇത് ബാധകമാകും. എല്ലാ ജീവനക്കാർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഇൻസ്ട്രക്ടർമാർക്ക് സി.പി.ആറും ലൈഫ് സേവിങ് പരിശീലനവും നിര്‍ബന്ധമാക്കി. പൂൾ, ജക്കൂസി, സ്റ്റീം റൂം എന്നിവക്ക് കർശന സുരക്ഷ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. സലൂണുകളിൽ ഒരേ ഉപകരണം പലർക്കും വീണ്ടും ഉപയോഗിക്കുന്നത് നിരോധിച്ചു. 18 വയസ്സിന് താഴെയുള്ളവർക്ക് മുടി ഡൈയും ടാനിങ് സേവനങ്ങളും അനുവദനീയമല്ല. പകർച്ചവ്യാധി ബാധിച്ചവർ ജോലിയിൽനിന്ന് വിട്ടുനിൽക്കണം എന്നിവ അടക്കം 130 നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയത്.
ആരോഗ്യ നിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പുതിയ നടപടിയെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

