പ്രവാസി വോട്ട്; ഇനിയുമെത്ര കാത്തിരിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ പുരോഗതിയിലും പ്രയാണത്തിലും നിര്മാണാത്മകമായ പങ്കുവഹിക്കുകയും സാമ്പത്തികസ്രോതസ്സിന്റെ പ്രധാന കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുമ്പോഴും ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാനുള്ള ഇന്ത്യൻ പ്രവാസികളുടെ കാത്തിരിപ്പ് തുടരുന്നു. മുക്ത്യാർ വോട്ട് (പ്രോക്സി വോട്ട്) സമ്പ്രദായം നടപ്പാക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ലോക്സഭയിൽ വ്യക്തമാക്കിയതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പ്രവാസികൾ 'വോട്ടർ പട്ടികക്ക്' പുറത്താകുമെന്നുറപ്പായി.
പോളിങ് ബൂത്തിലേക്ക് പകരക്കാരനെ നിയോഗിച്ച് വോട്ടവകാശം രേഖപ്പെടുത്താൻ പ്രവാസിക്ക് അവസരം നൽകുന്നതാണ് മുക്ത്യാർ വോട്ട് (പ്രോക്സി വോട്ട്).പ്രവാസികൾക്ക് തപാൽ ബാലറ്റ് സംവിധാനം നടപ്പാക്കുന്നതിലും കേന്ദ്രസർക്കാർ ഇതുവരെ നടപടികൾ സ്വീകരിക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഇതിനാൽ വിദേശത്തുനിന്ന് വോട്ട് രേഖപ്പെടുത്താൻ പ്രവാസികൾ ഇനിയും കാത്തിരിക്കേണ്ടിവരും. വിദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിവേദനങ്ങളും പരാതികളുമായി പ്രവാസികൾ നിരന്തരം അധികാരികളെയും നിയമസംവിധാനങ്ങളെയും സമീപിക്കുന്നുണ്ടെങ്കിലും അധികൃതരുടെ പ്രതികരണം അനുകൂലമായില്ല. കേന്ദ്രസർക്കാറിന്റെ ഏറ്റവും അവസാനത്തെ നിലപാടും അതാണ് വ്യക്തമാക്കുന്നത്.
പ്രോക്സി വോട്ട് അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമഭേദഗതി ബിൽ 2018 ആഗസ്റ്റിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ, രാജ്യസഭയിൽ പാസാക്കിയിട്ടില്ല. തങ്ങൾക്ക് വോട്ടവകാശം നിഷേധിക്കുന്നതിൽ പ്രവാസലോകം ഒന്നടങ്കം നിരാശയിലാണ്. വിഷയത്തിൽ അലംഭാവം തുടരുന്ന കേന്ദ്രസർക്കാർ നടപടികളിൽ പ്രവാസി സംഘടനകളിൽ പ്രതിഷേധവും ശക്തമാണ്.
നിലവിൽ തെരഞ്ഞെടുപ്പ് സമയത്ത് അവധിയെടുത്തും പ്രത്യേക വിമാനം ഷെഡ്യൂൾ ചെയ്ത് നാട്ടിലെത്തിയുമൊക്കെയാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിന് വലിയ ചെലവ് വരും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാത്തതിനാൽ വോട്ടർപട്ടികയിൽ പേരില്ലാത്തവരും നിരവധിയാണ്. അതിനാൽ ഭൂരിപക്ഷം പ്രവാസികളും വോട്ട് രേഖപ്പെടുത്താറില്ല. വിദേശരാജ്യങ്ങളിൽ 1.35 കോടി ഇന്ത്യക്കാർ കഴിയുന്നുവെന്നാണ് കണക്ക്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുള്ള 99,844 പ്രവാസികളിൽ 25,606 പേർ മാത്രമാണ് വോട്ടുചെയ്തത്. ഇതിൽ 25,534 വോട്ടും മലയാളികളുടേതായിരുന്നു. കുവൈത്തിൽ മാത്രം 10 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളുണ്ട്. ഇവരിൽ ചുരുക്കംപേർ മാത്രമാണ് വോട്ട് ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണവസ്ഥ.അതേസമയം, ഫിലിപ്പീൻ പോലുള്ള രാജ്യങ്ങൾ വിദേശങ്ങളിലുള്ള തങ്ങളുടെ പൗരൻമാർക്ക് സുഗമമായി വേട്ടെടുപ്പിൽ പങ്കാളികളാകാനുള്ള അവസരം ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

