കമ്മിറ്റി യോഗം ചേർന്നു; ചൈനയുമായി ഒപ്പുവെച്ച പദ്ധതികൾ ത്വരിതപ്പെടുത്തും
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ് മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണപത്രങ്ങളുടെയും നടത്തിപ്പിന് വേഗം കൂട്ടാൻ പ്രധാനമന്ത്രി ശൈഖ് അഹ് മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശം.
ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറുകളും ധാരണപത്രങ്ങളും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വികസന പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാനും ചൈനീസ് പക്ഷവുമായി ഏകോപനവും കൂടിയാലോചനയും ത്വരിതപ്പെടുത്താനും പ്രധാനമന്ത്രി നിർദേശിച്ചു.
മുബാറക് അൽ കബീർ തുറമുഖ പദ്ധതി, വൈദ്യുതി സംവിധാനം, പുനരുപയോഗ ഊർജ വികസനം, മാലിന്യ പുനരുപയോഗത്തിനുള്ള കുറഞ്ഞ കാർബൺ ഹരിത സംവിധാനം, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര, സാമ്പത്തിക മേഖലകൾ എന്നിവയിൽ ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ഈ പദ്ധതികളുടെ പരോഗതികൾ കമ്മിറ്റി വിലയിരുത്തി.
ചൈനയുമായുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വികസിപ്പിക്കൽ, നിക്ഷേപ, സാമ്പത്തിക അവസരങ്ങൾ, പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തൽ എന്നിവ യോഗം ചർച്ചചെയ്തു. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി, ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ് മദ് അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

