വിദേശികളുടെ പ്രവേശന വിലക്ക് വികസന പദ്ധതികൾ വൈകിപ്പിക്കുന്നു
text_fieldsകുവൈത്തിൽ നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ട തൊഴിലാളികൾ
കുവൈത്ത് സിറ്റി: വിദേശികളുടെ പ്രവേശന വിലക്ക് രാജ്യത്തെ വികസന പദ്ധതികൾ വൈകിപ്പിക്കുന്നു. വൈദ്യുതി, വെള്ളം, ഭവന പദ്ധതികൾ 20 മുതൽ 25 ശതമാനം വരെ വൈകിയാണ് പുരോഗമിക്കുന്നത്. തൊഴിലാളിക്ഷാമമാണ് കാരണം. അവധിക്ക് നാട്ടിൽപോയ തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാത്തതും പുതിയ തൊഴിലാളികളെ കൊണ്ടുവരാൻ കഴിയാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. കർഫ്യൂ കാരണം ജോലി സമയം കുറഞ്ഞതും പദ്ധതി വൈകലിന് കാരണമാകുന്നു. കർഫ്യൂകൊണ്ട് മെച്ചമുണ്ടായത് റോഡ് വികസന പദ്ധതികൾക്ക് മാത്രമാണ്.
ഇരട്ടി വേഗത്തിലാണ് റോഡ് പണി പുരോഗമിക്കുന്നത്. രാത്രി റോഡ് ഒഴിയുന്ന സമയം ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തി. ഗതാഗത ക്രമീകരണത്തിന് സമയം കളയേണ്ടെന്നതാണ് മെച്ചം. വിദേശ തൊഴിലാളികളുടെ വരവ് ഇനിയും ഏറെനാൾ നീളുകയാണെങ്കിൽ പദ്ധതികൾ മുൻ നിശ്ചയിച്ചതിനെക്കാൾ 40 ശതമാനം സമയം വൈകുമെന്നാണ് വിലയിരുത്തൽ. കരാർ അനുസരിച്ചുള്ള സമയക്രമത്തിൽ പദ്ധതികൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ട്.
എന്നാൽ, അസാധാരണ സാഹചര്യത്തിൽ അവരുടെ മേൽ നിയമപരമായ ബാധ്യത കെട്ടിയേൽപിക്കാനോ നഷ്ടപരിഹാരം ഇൗടാക്കാനോ പരിമിതിയുണ്ട്. വേനലിൽ ഉച്ചസമയത്ത് പുറംജോലിക്ക് വിലക്ക് ഏർപ്പെടുത്തും. വേനലിനുമുമ്പ് പരമാവധി തീർക്കാമെന്ന് കരുതിയ കരാറുകാരുടെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കാൻ കോവിഡ് കാല നിയന്ത്രണങ്ങൾ കാരണമായി.
പരിസ്ഥിതി സൗഹൃദ പെട്രോളിയം പദ്ധതി, അൽ സൂർ എണ്ണശുദ്ധീകരണശാല, കുവൈത്ത് വിമാനത്താവള വികസനം, മുബാറക് അൽ കബീർ തുറമുഖം, മുത്ല ഭവനപദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാൻ നേരത്തേ സർക്കാർ ക്രമീകരണങ്ങൾ വരുത്തിയിരുന്നു. ഇവയിലും പ്രതിസന്ധി നേരിടുന്നതായാണ് പുതിയ വിവരം. ചില പദ്ധതികളുടെ പൂർത്തീകരണ തീയതി മാറ്റിയെഴുതേണ്ടി വരും. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഷയം പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

