ഒത്തുചേരലുകൾക്കുള്ള വിലക്ക് പ്രാബല്യത്തിൽ
text_fieldsഫെബ്രുവരി 28വരെയാണ് വിലക്ക്; സാഹചര്യം വിലയിരുത്തി മാറ്റും
കുവൈത്ത് സിറ്റി: കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ എല്ലാത്തരം സാമൂഹിക പരിപാടികളും വിലക്കിയുള്ള ഉത്തരവ് പ്രാബല്യത്തിലായി. ഫെബ്രുവരി 28വരെയാണ് വിലക്ക്. അതത് സമയത്തെ സാഹചര്യം വിലയിരുത്തി ഇതിൽ മാറ്റം വരുത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒത്തുചേരലുകൾ തടയാൻ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. ഫീൽഡ് പരിശോധനക്കായി വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഇമാൻ അൽ അൻസാരി പറഞ്ഞു. ഹാളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച് സംഘം പരിശോധന നടത്തുകയും ആരോഗ്യ മാർഗനിർദേശം പാലിക്കാത്ത സാഹചര്യത്തിൽ കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനുവരി മൂന്നിന് ചേർന്ന മന്ത്രിസഭായോഗമാണ് കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡോർ ഒത്തു ചേരലുകൾ വിലക്കി ഉത്തരവിട്ടത്. കുവൈത്തിലെ കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുന്നതായാണ് ഞായറാഴ്ച ആരോഗ്യമന്ത്രാലയം പുറത്തു വിട്ട പ്രതിദിന കണക്ക് വ്യക്തമാക്കുന്നത്. രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന എണ്ണമാണിത്.
കോവിഡ് വാർഡുകളിലും തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും ആനുപാതിക വർധനയുണ്ട്. 9.1 ശതമാനം ആണ് രോഗസ്ഥിരീകരണ നിരക്ക്.