മുന്നേറ്റം അടയാളപ്പെടുത്തി കുവൈത്ത് വനിതകൾ
text_fieldsകുവൈത്ത് സിറ്റി: സ്ത്രീ വിഷയങ്ങൾ ചർച്ച ചെയ്ത് രാജ്യം മറ്റൊരു വനിത ദിനം കൂടി പിന്നിട്ടപ്പോൾ ഏറെ ചർച്ചയായത് കുവൈത്ത് വനിതകളുടെ വിവിധ മേഖലകളിലെ മുന്നേറ്റം. സമൂഹ വികസനത്തിലും രാജ്യ വികസനത്തിലും സ്ത്രീകൾ വഹിച്ച പങ്കിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയായി വനിത ദിനം. 2005 മേയ് 16ന് രാഷ്ട്രീയ അവകാശങ്ങൾ ലഭിച്ചത് രാജ്യത്ത് സ്ത്രീകളുടെ വലിയ മാറ്റത്തിനും കാരണമായതായി വിലയിരുത്തപ്പെടുന്നു. അന്തരിച്ച അമീർ ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹാണ് സ്ത്രീകൾക്ക് രാഷ്ട്രീയ അവകാശങ്ങൾ നൽകാൻ തീരുമാനിച്ചത്. ചരിത്രപരമായ പ്രമേയം ദേശീയ അസംബ്ലിയിൽ സർക്കാർ അവതരിപ്പിക്കുകയും വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. കുവൈത്തിന്റെ എല്ലാ മേഖലകളിലും വികസനത്തിലും പുരോഗതിയിലും സ്ത്രീകളുടെ പ്രധാന പങ്കിൽ ശൈഖ് ജാബിർ വിശ്വസിച്ചിരുന്നു.
2006ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ആദ്യമായി സ്ത്രീകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. 2009നിടെ നാല് വനിത സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഡോ.മസൗമ അൽ മുബാറക്, ഡോ.സൽവ അൽജസ്സാർ, ഡോ.അസീൽ അൽ അവാദി, ഡോ.റോള ദഷ്തി എന്നിവർ ദേശീയ അസംബ്ലിയുടെ ഭാഗമായി.
നിലവിൽ രാജ്യത്തിന്റെ പ്രധാന എക്സിക്യൂട്ടിവ് സ്ഥാനങ്ങൾ സ്ത്രീകൾ വഹിക്കുന്നുണ്ട്. എക്സിക്യൂട്ടിവ് തസ്തികകളിൽ 21 ശതമാനം വനിതകളാണ്. പുരുഷന്മാരെ പോലെ തങ്ങൾക്കും പ്രവർത്തിക്കാനാകും എന്നവർ തെളിയിക്കുന്നു. മൊത്തം തൊഴിൽ ശക്തിയുടെ 59 ശതമാനവും സ്ത്രീകളാണ്. കുവൈത്ത് ഭരണഘടന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉറപ്പാക്കുന്നു. സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനുള്ള 1994ലെ ഉടമ്പടി രാജ്യം പാലിക്കുന്നു. സ്ത്രീകളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിരവധി നിയമനിർമാണങ്ങളും രാജ്യത്ത് നിലവിലുണ്ട്.
സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അവരുടെ സിവിൽ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവകാശങ്ങൾ ഉറപ്പുവരുത്താനും വനിത ശിശുക്ഷേമ മന്ത്രാലയവും മന്ത്രിയും നിലവിലുണ്ട്. ഭരണഘടന, വികസന ലക്ഷ്യങ്ങൾ, അന്താരാഷ്ട്ര ഉടമ്പടികൾ എന്നിവക്ക് അനുസൃതമായി ലിംഗസമത്വം ഉറപ്പുവരുത്താനും സർക്കാർ ശ്രദ്ധചെലുത്തുന്നു. 1990-91 ഇറാഖിന്റെ കുവൈത്ത് അധിനിവേശ സമയത്തെ സ്ത്രീകളുടെ പങ്കും ത്യാഗവും രാജ്യം എന്നും സ്മരിക്കുന്നു.
പൊതു-സ്വകാര്യ മേഖലകളിലും കുവൈത്ത് വനിതകൾ പ്രധാന പങ്കുവഹിക്കുന്നു. അവർ എക്സിക്യൂട്ടിവ് സ്ഥാനങ്ങൾ വഹിക്കുന്നു, അംബാസഡർമാരായും മന്ത്രിമാരായും മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ ആറിന് നടക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ 15 വനിതകളാണ് മത്സര രംഗത്തുള്ളത്.
വർഷവും മേയ് 16നാണ് കുവൈത്ത് വനിത ദിനം ആചരിക്കുന്നത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ വനിത ദിനത്തിൽ ആശംസകൾ നേരുകയും രാജ്യവികസനത്തിൽ സ്ത്രീകളുടെ പങ്ക് എടുത്തുപറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

