വ്യാജ സർട്ടിഫിക്കറ്റ് നിർമാണം; 33 ഫിലിപ്പീൻസ് സ്വദേശികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ വ്യാജരേഖ നിർമിച്ച ഫിലിപ്പീൻസ് സംഘം പിടിയിലായി. വ്യാജരേഖകളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന 33 ഫിലിപ്പീൻസുകാരാണ് പിടിയിലായത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീൻസ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളായി.
കുവൈത്തിൽ താമസിക്കുന്ന ഫിലിപ്പീൻസ് അംഗങ്ങൾക്ക് നിർണായകമായ പഠന സർട്ടിഫിക്കറ്റുകൾ, വിവാഹ കരാറുകൾ, ഡ്രൈവിങ് പെർമിറ്റുകൾ എന്നിവ ഇവർ വ്യാജമായി നിർമിച്ച് വിതരണം ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം, ഫിലിപ്പീൻസ് എംബസി എന്നിവ തമ്മിലുള്ള സംയുക്ത ശ്രമവും സഹകരണവും പ്രതികളെ പിടികൂടുന്നതിന് സഹായകമായി. അറസ്റ്റിലായവരെ നിയമനടപടികൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വ്യാജരേഖ നിർമാണം, വഞ്ചനാപരമായ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും രാജ്യത്തെ എല്ലാ താമസക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും ശ്രമം തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

