ലൈസൻസില്ലാതെ ഭക്ഷ്യ ഉൽപാദനം, വിൽപ്പന
text_fieldsഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ ഭക്ഷ്യ ഉൽപാദനം, വിൽപന എന്നിവ കണ്ടെത്തുന്നതിനായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജാബിർ അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിലെ സ്വകാര്യ വീടുകളിൽ ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് പരിശോധന നടത്തി. പൊതുജനാരോഗ്യം സംരക്ഷിക്കൽ, നിയമപരമായ നിയന്ത്രണങ്ങൾ നടപ്പിലാക്കൽ എന്നിവയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
പരിശോധനയിൽ തൊഴിൽ, താമസ, വ്യാപാര നിയമങ്ങളുടെ ഗുരുതര ലംഘനങ്ങൾ കണ്ടെത്തി. നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, വിൽപന എന്നിവക്കടക്കം സ്വകാര്യ വസതികൾ ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ 14 തൊഴിലാളികളെയും, താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് മോട്ടോർ സൈക്കിളുകൾ ഓടിക്കുന്ന ഡെലിവറി ജീവനക്കാരെയും പരിശോധനയിൽ അറസ്റ്റ് ചെയ്തു. വ്യാപാര നിയമങ്ങൾ ലംഘിച്ച് ഗ്യാസ് സിലിണ്ടറുകളുടെ വിൽപന ഉൾപ്പെടെ സ്വകാര്യ വീടുകളുടെ വ്യാപകമായ ദുരുപയോഗവും അന്വേഷകർ കണ്ടെത്തി.
ലൈസൻസ് പ്ലേറ്റുകളില്ലാത്ത ഏഴ് ഡെലിവറി മോട്ടോർ സൈക്കിളുകൾ കണ്ടുകെട്ടി. ഒന്നിലധികം സ്ഥലങ്ങളിൽനിന്ന് മായം ചേർത്തതോ കാലഹരണപ്പെട്ടതോ ആയ ഭക്ഷ്യ ഉൽപന്നങ്ങളും പിടിച്ചെടുത്തു.
അനുമതിയില്ലാതെ പ്രവർത്തിക്കുക, വൃത്തിഹീനമായതോ മായം കലർന്നതോ ആയ ഭക്ഷണം കൈകാര്യം ചെയ്യുക, ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കൾ വിൽക്കുക, ശരിയായ പോഷകാഹാര ലേബലുകൾ നൽകാതിരിക്കുക, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കർശന പരിശോധനയും നടപടിയും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

