സർക്കാറിതര തൊഴിൽമേഖലകളിൽ സ്വദേശികളുടെ തോത് വർധിപ്പിക്കും –ഫൗസി അൽ മജ്ദലി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളുമുൾപ്പെടെ സർക്കാറിതര തൊഴിൽമേഖലകളിൽ സ്വദേശികളുടെ തോത് വർധിപ്പിക്കാനാവശ്യമായ നടപടികൾ നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ പത്രവുമായുളള അഭിമുഖത്തിൽ സ്വദേശി വത്കരണവുമായി ബന്ധപ്പെട്ട ദേശീയ അതോറിറ്റി ജനറൽ സെക്രട്ടറി ഫൗസി അൽ മജ്ദലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ അവസാനം വരെ 20,315 സ്വദേശികളാണ് വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. 2011ൽ വെറും 1627 കുവൈത്തികൾ സർക്കാറിതര തൊഴിൽമേഖലകളിൽ ജോലി ചെയ്തിരുന്ന സ്ഥാനത്താണ് ഈ വർധന. അതേസമയം, ഈ തോത് വരും വർഷങ്ങളിൽ ഗണ്യമായി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.
സ്വകാര്യ– അർധ സർക്കാർ മേഖലകളിലെ വിവിധ തസ്തികകളിൽ ജോലിചെയ്യാൻ പ്രാപ്തരായ സ്വദേശികളെ കണ്ടെത്തുകയെന്നത് വെല്ലുവിളിയായി മാറിയിട്ടുണ്ട്. എങ്കിലും, സമാന്തരമായി നടക്കുന്ന തൊഴിൽ പരിശീലന പരിപാടികളിലൂടെ സ്വദേശി തൊഴിലന്വേഷകർക്ക് പരിശീലനം നൽകുന്നുണ്ട്. ഇത്തരം പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ഫൗസി മജ്ദലി പറഞ്ഞു. അർധ സർക്കാർ സ്ഥാപനങ്ങളായ ജംഇയ്യകളിൽ ഇതുവരെ 512 സ്വദേശി ഉദ്യോഗാർഥികളെ പുതുതായി നിയമിച്ചിട്ടുണ്ട്. ഇതിൽ 267 പുരുഷന്മാരും 145 സ്ത്രീകളും 11 പെൻഷൻകാരുമുണ്ട്. വാണിജ്യ, വ്യവസായ, ഉൽപാദന മേഖലകളിലെല്ലാം സ്വദേശികളെക്കാൾ വിദേശികൾ കൂടിയ നിലവിലെ സാഹചര്യത്തിൽ മാറ്റം വേണമെന്ന് മജ്ദലി അഭിപ്രായപ്പെട്ടു.
25 തൊഴിലാളികളുള്ള എല്ലാ സ്വകാര്യ കമ്പനികളിലും നിശ്ചിത എണ്ണം സ്വദേശികളെ ജോലിക്ക് നിയമിച്ചിരിക്കണമെന്നതാണ് നിബന്ധന. ഇതിൽ മത്സ്യബന്ധനം, ആടുമേക്കൽ തുടങ്ങിയ വ്യക്തികൾ നേരിട്ട് നടത്തുന്ന പദ്ധതികൾ മാത്രമാണ് ഒഴിവുള്ളത്. അതിനിടെ, സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള അധികൃതരുടെ തീരുമാനം ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയാകും. സ്വദേശികൾ ജോലിചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുന്ന മുഴുവൻ സർക്കാർ തസ്തികകളിലും കുവൈത്തികളെ നിയമിക്കണമെന്ന ഉത്തരവ് നേരത്തേയുണ്ട്. ഇതിനുപുറമെയാണ് സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
