10 ദീനാർ ഫീസ്; പ്രവാസികൾക്ക് പ്രിന്റ് ഡ്രൈവിങ് ലൈസൻസ് തിരിച്ചെത്തുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്കുള്ള പ്രിന്റ് ഡ്രൈവിങ് ലൈസൻസ് തിരിച്ചെത്തുന്നു. ഇതുസംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.
1976ലെ ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഞായറാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിലായി. പ്രിന്റ് ലൈസൻസ് വേണ്ട പ്രവാസികൾക്ക് പത്ത് ദീനാർ ഫീസ് നൽകി സ്വന്തമാക്കാം. കഴിഞ്ഞ സെപ്റ്റംബർ മുതൽ പ്രവാസികൾക്ക് പ്രിൻറ് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തിവെച്ചിരുന്നു. തുടർന്ന് ഡിജിറ്റൽ രൂപം മാത്രമാണ് ലഭ്യമായിരുന്നത്. ഇതിലാണ് മാറ്റം വരുന്നത്. അടുത്തിടെ പ്രവാസികളുടെ ലൈസൻസ് കാലാവധി അഞ്ചു വർഷമായി വർധിപ്പിക്കുകയും ചെയ്തിരുന്നു. കാലാവധി കഴിയുന്നതോടെ ഇവ പുതുക്കാം. മൂന്ന് വർഷ കാലാവധിയിൽ നിന്നാണ് അഞ്ചായി ഉയർത്തിയത്.
രാജ്യത്ത് പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യണം. കുറഞ്ഞത് 600 ദീനാർ ശമ്പളവും ബിരുദവും അനിവാര്യമാണ്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്ത് ഉള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് റദ്ദാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

