പ്രധാനമന്ത്രി സന്ദർശിച്ചു; പുതിയ വിമാനത്താവളം വേഗത്തിൽ പൂർത്തീകരിക്കും
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് പുതിയ വിമാനത്താവളം
സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിന്റെ (ടി-2) നിർമാണ പുരോഗതി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് വിലയിരുത്തി. പദ്ധതി സ്ഥലം നേരിട്ട് സന്ദർശിച്ച പ്രധാനമന്ത്രി നടപടികൾ പരിശോധിച്ചു. പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ പദ്ധതി നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നാണ് പുതിയ വിമാനത്താവള ടെർമിനൽ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഷെഡ്യൂളുകൾ അനുസരിച്ച് നിർമാണം മുന്നോട്ട് കൊണ്ടുപോകാനും കാലതാമസം ഒഴിവാക്കാനും ഉണർത്തി. സമയക്രമത്തിനനുസരിച്ച് പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രാലയവുമായി എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.
പദ്ധതി വേഗത്തിലാക്കുന്നതിൽ മന്ത്രി ഡോ.നൂറ അൽ മഷാൻ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രസിഡന്റ് ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അസ്സബാഹ്, പദ്ധതിയുടെ മാനേജർമാർ, ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങൾ, ഓഡിറ്റ് ബ്യൂറോ, ഫത്വ, നിയമനിർമാണ വകുപ്പ്, സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് എന്നിവരോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
പുതിയ പാസഞ്ചർ ടെർമിനൽ സ്ഥാപിക്കൽ, ഫർണിഷിങ്, സർവിസ് കെട്ടിടങ്ങൾ നിർമിക്കൽ, ടെർമിനലിലേക്കും പാർക്കിങ് സ്ഥലങ്ങളിലേക്കും നയിക്കുന്ന റോഡുകൾ, പാർക്കിങ് സ്ഥലങ്ങൾ, റൺവേകൾ, സർവിസ് സൗകര്യങ്ങൾ എന്നിവയുടെ സമാനമായ ജോലികളും പുരോഗമിക്കുകയാണെന്ന് മന്ത്രി ഡോ.നൂറ അൽ മഷാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

