യു.എന്നിൽ കുവൈത്ത് പ്രധാനമന്ത്രി: റോഹിങ്ക്യകൾക്കെതിരായ അതിക്രമം: അടിയന്തര നടപടി വേണം
text_fieldsകുവൈത്ത് സിറ്റി: മ്യാന്മറിലെ രാഖാൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കുവൈത്ത്് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ 72ാമത് പൊതുസമ്മേളനത്തിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനംചെയ്ത് പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരു ജനവിഭാഗത്തിന് ലഭിക്കേണ്ട മാന്യമായ ജീവിതവും മനുഷ്യാവകാശങ്ങളുമാണ് മ്യാന്മർ ഭരണകൂടവും ബുദ്ധിസ്റ്റുകളും റോഹിങ്ക്യകൾക്ക് തടയുന്നത്. കാര്യങ്ങൾ ഈ നിലയിലെത്തിയിട്ടും ഇൗ വിഷയത്തിൽ അന്താരാഷ്ട്രതലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാവാത്തതിൽ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. ഫലസ്തീൻ ജനതക്കെതിരെ മനുഷ്യത്വരഹിതമായ ക്രൂരതകളാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. 1967ൽ ആരംഭിച്ച കുടിയേറ്റം ശക്തമാക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഇസ്രായേൽ ശ്രമം. മസ്ജിദുൽ അഖ്സയുടെ പവിത്രത കളങ്കപ്പെടുത്തുന്ന നിലയിൽ ഏറ്റവും അവസാനം നടത്തിയ അതിക്രമങ്ങൾ ഇതിെൻറ ഭാഗമാണ്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ തലത്തിൽ രൂപപ്പെടുത്തിയ എല്ലാ കരാറുകളെയും കാറ്റിൽ പറത്തിയ അനുഭവമാണ് ഇസ്രായേലിേൻറത്. ശക്തമായ നടപടിയിലൂടെ മേഖലയിൽ സ്ഥിരം സമാധാനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദവും തീവ്രവാദവും ലോകത്തിന് ഭീഷണിയായി മാറിയ സാഹചര്യത്തിൽ അതിനെതിരെ കൂട്ടായ ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. സിറിയൻ വിഷയത്തിന് ഇനിയും പരിഹാരം കാണാൻ സാധിക്കാത്തതിൽ ദുഃഖം രേഖപ്പെടുത്തിയ ശൈഖ് ജാബിർ, ഇക്കാര്യത്തിൽ യു.എൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും കുവൈത്തിെൻറ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി. ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിലുണ്ടായ പ്രധിസന്ധികൾക്ക് സമവായത്തിലൂടെയാണ് പരിഹാരം കാണേണ്ടത്. ഇക്കാര്യത്തിൽ കുവൈത്ത് അമീർ നടത്തിക്കൊണ്ടിരിക്കുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നല്ല ബന്ധത്തിലൂടെയും സൗഹൃദത്തിലൂടെയും മറ്റു രാജ്യങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇറാൻ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും അപകടത്തിലാക്കുന്ന എല്ലാ നടപടികളും തിരസ്കരിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇറാനോടുള്ള ബന്ധം. അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ. ചാർട്ടറിനും അനുസൃതമായും മേഖലയിലെ സുരക്ഷക്കും സമാധാനത്തിനുമുള്ള നടപടികളും പരിഗണിച്ചായിരിക്കും അതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
