പ്രധാനമന്ത്രി പരിശോധന നടത്തി;വിമാനത്താവളം ടെർമിനൽ-1 പൂർണ സജ്ജം
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് വിമാനത്താവളത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ -1 പൂർണ പ്രവർത്തന സജ്ജം. ജൂൺ ഒന്നു മുതൽ ഇവിടെ നിന്ന് വിമാനങ്ങൾ സർവിസ് പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് വിമാനത്താവളത്തിൽ പരിശോധന നടത്തി.
ഇറാൻ ആക്രമണങ്ങളെത്തുടർന്ന് ടെർമിനലിൽ നടത്തിയ പരിഷ്കാരങ്ങൾ, വികസനം, നവീകരണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിമാനത്താവളം ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.
സുഗമമായ വിമാന ഗതാഗതം, യാത്രക്കാരുടെ സൗകര്യങ്ങൾ, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി വ്യോമയാന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് ഹുമുദ് മുബാറക് അൽ ഹുമുദ് അസ്സബാഹ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-1 ൽ നിന്ന് അറബ്, വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ജൂൺ മുതൽ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായിട്ടായിരിക്കും സർവിസുകളുടെ വർധന.
യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28ന് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും അടക്കുകയും വിമാന സർവിസുകൾ പൂർണമായും നിർത്തിവെക്കുകയും ചെയ്തിരുന്നു.
ഇതിനിടെ വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണവും ഉണ്ടായി. ഇതിലെ കേടുപാടുകൾ തീർത്താണ് ടെർമിനൽ-1 പ്രവർത്തനം പുനരാരംഭിക്കുന്നത്.
സംഘർഷം അയഞ്ഞതിനു പിറകെ ടെർമിനൽ-4,5 എന്നിവയിൽ നിന്ന് ഏപ്രിൽ 25 മുതൽ ജസീറ, കുവൈത്ത് എയർവേസ് എന്നിവ സർവിസുകൾ പുനരാരംഭിച്ചിരുന്നു. ജൂൺ ഒന്നു മുതൽ ടെർമിനൽ-1 ൽ നിന്നും സർവിസുകൾ പുനരാരംഭിക്കുന്നതോടെ മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും.
കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസും ജൂൺ ഒന്നു മുതൽ സർവിസ് പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

