ആക്രമണങ്ങളെ അപലപിച്ചു പ്രധാനമന്ത്രി; സമാധാന ശ്രമങ്ങൾക്ക് ആഹ്വാനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനെയും മേഖലയിലെ രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. മേഖലയിലെ രാജ്യങ്ങളും യൂറോപ്യൻ യൂനിയൻ നേതാക്കളും വിഡിയോ കോൺഫറൻസ് വഴി നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കുവൈത്ത് യുദ്ധത്തിൽ പങ്കാളിയല്ല. അതിന്റെ പ്രദേശം ഒരു പക്ഷത്തിനെതിരെയും സൈനിക നടപടികൾ നടത്താൻ ഉപയോഗിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വയം പ്രതിരോധത്തിന് അവകാശം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ ശുദ്ധീകരണശാലകൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ സൗകര്യങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായി. ഒരു കുട്ടിയുൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ടു. സായുധ സേനയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും നാല് ഉദ്യോഗസ്ഥർ രക്തസാക്ഷികളായി, 91 പേർക്ക് പരിക്കേറ്റു.
234 ബാലിസ്റ്റിക് മിസൈലുകൾ, 423 ഡ്രോണുകൾ, ഒരു ക്രൂയിസ് മിസൈൽ എന്നിവ കുവൈത്ത് സായുധ സേന തകർത്തു. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം കുവൈത്തിന് സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശം ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള ജി.സി.സി രാജ്യങ്ങളുടെ അവകാശത്തെയും പിന്തുണച്ചു.
സാധാരണക്കാരെ സംരക്ഷിക്കും
കുവൈത്തിൽ താമസിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ അയൽ രാജ്യങ്ങൾ വഴി മാതൃരാജ്യങ്ങളിലേക്ക് സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായും അറിയിച്ചു. മാർച്ച് മൂന്നിന് കുവൈത്തിനെതിരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ച് ചില ഇറാഖി വിഭാഗങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ തടയാൻ ഇറാഖ് സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇത്തരം നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എണ്ണ ഉൽപാദനം കുറക്കും
സമുദ്ര സുരക്ഷക്ക് തുടർച്ചയായ ഭീഷണികളും എണ്ണ ടാങ്കറുകളെയും വാണിജ്യ ഷിപ്പിംഗിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കാരണം കുവൈത്ത് അസംസ്കൃത എണ്ണ വിൽപ്പനയിൽ ‘നിർബന്ധിത മജ്യൂർ’ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പാദനം കുറക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങൾ ആഗോള ഊർജ്ജ സുരക്ഷ, വിപണി സ്ഥിരത, അന്താരാഷ്ട്ര വിതരണ ശൃംഖലകൾ എന്നിവക്ക് ഭീഷണിയാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദേബ് കടലിടുക്ക് എന്നിവയുൾപ്പെടെ പ്രധാന സമുദ്രപാതകളും വ്യോമാതിർത്തിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഉണർത്തി.
നയതന്ത്ര പരിഹാരത്തിന് മുൻഗണന
സംഘർഷം ലഘൂകരിക്കുന്നതിനും സംഭാഷണങ്ങൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകുന്നതിനും ജി.സി.സി രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ശാന്തത പിന്തുടരുക എന്നതിനർത്ഥം നിലവിലുള്ള സ്ഥിതിഗതികൾ അംഗീകരിക്കുക എന്നല്ലെന്നും പരമാധികാരവും പ്രാദേശിക സുരക്ഷയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തന്ത്രപരമായ തിരഞ്ഞെടുപ്പാണ് സമാധാനം എന്നും ചൂണ്ടികാട്ടി. ഇറാൻ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനും കൂടുതൽ വഷളാകുന്നത് തടയുന്നതിനുമുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങൾക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

