അപകടങ്ങൾ ചെറുക്കാൻ പ്രതിരോധ നടപടികൾ പാലിക്കാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും വാഹനാപകടങ്ങളിലും മരിച്ചത് 180 പേർ. ഈ വർഷം ആദ്യ പാദത്തിൽ 44 പേരും അപകടങ്ങളിൽ മരിച്ചു. കഴിഞ്ഞവർഷം തീപിടിത്തം, രക്ഷാപ്രവർത്തനങ്ങൾ എന്നിങ്ങനെ 16,144 കേസുകൾ കൈകാര്യം ചെയ്തു. ഈ വർഷത്തെ ആദ്യ പാദത്തിൽ റിപ്പോർട്ടുകളുടെ എണ്ണം 3,398 ആണ്.
ഇതിൽ വലിയൊരു ശതമാനവും വീടുകൾക്കും വാഹനങ്ങൾക്കും തീപിടിച്ച കേസുകളാണെന്നും ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു. ഈ വർഷത്തെ ആദ്യ പാദത്തിലെ തീപിടിത്തങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിന് സമാനമാണ്. അപകട നിരക്ക് കുറക്കുന്നതിനായി ബോധവത്കരണ കാമ്പയിനുകളും സുരക്ഷ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ പ്രധാന കാരണം ഉയർന്ന താപനില, വൈദ്യുത ഉപകരണങ്ങളുടെ ദുരുപയോഗം, കത്തുന്ന വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത കൂട്ടിയിടൽ എന്നിവയാണ്. അശ്രദ്ധ, ഉണങ്ങിയ പുല്ല്, മാലിന്യങ്ങൾ എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു.
അപകടങ്ങളിൽ വേഗത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്. നാല് മുതൽ എട്ട് മിനിറ്റ് വരെ വേഗത്തിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തുമെന്നും ജനറൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു. രാജ്യത്ത് നിലവിൽ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അടുത്ത മാസത്തോടെ താപനില ഉയർന്ന നിലയിൽ എത്തും. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് സുരക്ഷ, തീപിടിത്ത പ്രതിരോധ നടപടികൾ പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
വാഹനങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ ഗ്യാസ് സിലിണ്ടറുകൾ, പെർഫ്യൂമുകൾ പോലുള്ള കത്തുന്ന വസ്തുക്കൾ സൂക്ഷിക്കരുത്
വൈദ്യുതി സുരക്ഷ ഉറപ്പാക്കുക
കുട്ടികൾ തീപ്പെട്ടി, തീ പിടിക്കുന്ന വസ്തുക്കൾ എന്നിവയുമായി കളിക്കുന്നത് തടയുക
വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഇലക്ട്രിക്കൽ, ഗ്യാസ് ഉപകരണങ്ങൾ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക
മരുഭൂമിയിലോ ബീച്ചുകളിലോ തീയിടരുത്
ഉപയോഗ ശേഷം തീ പൂർണമായും അണഞ്ഞുവെന്ന് ഉറപ്പാക്കുക.
വാഹനത്തിലും താൽക്കാലിക താമസസ്ഥലത്തും അഗ്നിശമന ഉപകരണം ഉറപ്പാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

