മുൻകരുതലുകൾ സ്വീകരിക്കണം; തണുപ്പിന്റെ കാഠിന്യം വർധിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യം തണുപ്പിന്റെ പിടിയിൽ. ബുധനാഴ്ച മുതൽ ശക്തിപ്പെട്ട തണുപ്പ് വരുംദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില് രാത്രിയിലും പുലർച്ചെയും താപനിലയിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
താപനില ഏകദേശം മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും ചില പ്രദേശങ്ങളിൽ പൂജ്യമോ അതിലും താഴെയോ എത്താനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. കാർഷികമേഖലകളിലും മരുഭൂമി പ്രദേശങ്ങളിലുമാണ് തണുപ്പ് കൂടുതൽ ശക്തമായി അനുഭവപ്പെടുക. അതിരാവിലെ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും രാജ്യത്തുടനീളമുള്ള താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി കടുത്ത തണുപ്പ് അനുഭവപ്പെടുകയും താപനില കുത്തനെ കുറയുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയും കനത്ത തണുപ്പ് അനുഭവപ്പെട്ടു. രാജ്യത്തെ തണുത്ത യൂറോപ്യൻ ഉയർന്ന മർദം ബാധിക്കുകയും തീരപ്രദേശങ്ങളിൽ കാറ്റ് സജീവമാകുകയും ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ പകൽ സമയത്ത് ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. രാത്രിയിൽ താപനില 2-4 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നു. ഇത് തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കും.
ബുധനാഴ്ച മുതൽ ശൈത്യകാലത്തിന്റെ ഉയർന്ന ഘട്ടമായ ‘ഷബാത്ത്’ സീസണ് തുടക്കമായിട്ടുണ്ട്. 26 ദിവസം നീളുന്ന ഈ ഘട്ടത്തിൽ താപനില വലിയ രീതിയിൽ കുറയുകയും തണുപ്പ് വർധിക്കുകയും ചെയ്യും. രാജ്യത്ത് വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന സമയമാണിത്. 24 മുതൽ എട്ട് രാത്രികൾ നീളുന്ന കൊടും തണുപ്പിന്റെ ‘അൽ-അസിറാഖ്’ ഘട്ടവും വന്നെത്തും.
പൊതുജനങ്ങൾ തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ അധികൃതർ ഉണർത്തി. കർഷകരും പുലർച്ചെ യാത്ര ചെയ്യുന്നവരും വാഹനമോടിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. പുറത്തിറങ്ങുന്നവർ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

