റെസിഡന്‍ഷ്യല്‍ സിറ്റികള്‍ വിദേശികളുടെ പാര്‍പ്പിട പ്രശ്നം പരിഹരിച്ചേക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാനായി കൂടുതല്‍ റെസിഡന്‍ഷ്യല്‍ സിറ്റികള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍. പൊതുമരാമത്ത് മന്ത്രാലയം വികസനകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുഹ്സിന്‍ അല്‍ ഇന്‍സിയാണ് അല്‍ ഷാഹിദ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. ജഹ്റയില്‍ വിദേശ തൊഴിലാളികള്‍ക്ക് മാത്രമായി നിര്‍മിക്കുന്ന റെസിഡന്‍ഷ്യല്‍ സിറ്റി 1,00,000 സ്ക്വയര്‍ മീറ്ററിലാണ്. 2017 ആഗസ്റ്റില്‍ ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. ജഹ്റ മുനിസിപ്പാലിറ്റിയുടെ തെക്കുഭാഗത്തായി നിര്‍മിക്കുന്ന രണ്ടാമത്തെ സിറ്റിയുടെ നിര്‍മാണപ്രവൃത്തി മുനിസിപ്പാലിറ്റിയുടെ അനുമതി കാത്തുകിടക്കുകയാണ്. സൗത് ജഹ്റയിലെ നിര്‍ദിഷ്ട പാര്‍പ്പിട നഗരം 20000 തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നതാണ്.
ബി.ഒ.ടി അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ നിര്‍മാണം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ കുവൈത്ത് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ് പ്രോജക്ട്ആണ് ലേബര്‍ സിറ്റി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഷെയര്‍ ഹോള്‍ഡിങ് കമ്പനി വഴി ഓഹരികള്‍ സമാഹരിച്ചായിരിക്കും നിര്‍മാണം. ഇത് സംബന്ധിച്ച കരാറില്‍ കെ.എ.പി.പിയും വിവിധ കമ്പനികളും ഒപ്പുവെച്ചു. സൗത്ത് ജഹറയില്‍ പത്തുലക്ഷം സ്ക്വയര്‍ മീറ്റര്‍ പ്രദേശത്ത് ആരംഭിക്കാനിരിക്കുന്ന നിര്‍ദിഷ്ട ലേബര്‍ സിറ്റിയില്‍ 20,000 തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. ആരോഗ്യ കേന്ദ്രങ്ങള്‍, വിനോദത്തിനും വ്യായാമത്തിനുമുള്ള സംവിധാനങ്ങള്‍, സെക്യൂരിറ്റി സര്‍വിസ് എന്നിവയുള്‍പ്പെടുന്നതാകും പദ്ധതി.
നടത്തിപ്പ് ബി.ഒ.ടി കരാര്‍ പ്രകാരം 40 വര്‍ഷം ഷെയര്‍ ഹോള്‍ഡിങ് കമ്പനിക്കായിരിക്കും. അഹ്മദി ഗവര്‍ണറേറ്റിലാണ് വിദേശ തൊഴിലാളികള്‍ക്കായി മറ്റൊരു റെസിഡന്‍ഷ്യല്‍ സിറ്റി സ്ഥാപിക്കുന്നത്. ശദാദിയയില്‍ നേരത്തേ പ്രഖ്യാപിക്കപ്പെട്ട പാര്‍പ്പിട നഗരംകൂടി പൂര്‍ത്തിയാവുന്നതോടെ വിദേശ തൊഴിലാളികളുടെ പാര്‍പ്പിടപ്രശ്നം മിക്കവാറും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ശദാദിയയിലെ പദ്ധതിയുടെ രൂപരേഖയും നിര്‍മാണ ചെലവും തിട്ടപ്പെടുത്തിയ ശേഷം ആഭ്യന്തരമന്ത്രാലയത്തിലെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
പ്രദേശത്തെ ഒരു ലക്ഷം കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴിലാളി സിറ്റിക്ക് 28 മില്യന്‍ ദീനാറാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തീരുന്നതോടെ ആരംഭഘട്ടത്തില്‍ 8400 വിദേശ തൊഴിലാളികള്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമാണ് യാഥാര്‍ഥ്യമാകുക.
വികസന പ്രവൃത്തികള്‍ കൂടി കഴിയുന്നതോടെ ഭാവിയില്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ സിറ്റിക്കാവുമെന്ന് ഗാലിബ് ശലാശ് പറഞ്ഞു. വിദേശ തൊഴിലാളികള്‍ക്കായി സബ്ഹാനിലൊരുങ്ങുന്ന സിറ്റിയിലേതുപോലുള്ള എല്ലാ സൗകര്യങ്ങളുമുള്ള പാര്‍പ്പിട സമുച്ചയമായിരിക്കും ശദാദിയയിലും ഒരുങ്ങുക.
ഒരു മുറിയില്‍ നാലു തൊഴിലാളികള്‍ക്ക് മാത്രം താമസം നല്‍കുകയെന്ന രീതിയാണ് നടപ്പാക്കുക. എല്ലാ മുറികള്‍ക്കും അനുബന്ധമായി ബാത്ത് റൂമുകളും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടാകും.
ഇതിനുപുറമെ പള്ളി, സുരക്ഷാ കേന്ദ്രം, ക്ളിനിക്കുകള്‍ എന്നിവയും ഉണ്ടായിരിക്കും. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന വിദേശി തൊഴിലാളികളില്‍ സാധ്യമാകുന്നവരെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.