ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണം; പ്രവാസി വെൽഫെയർ അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത പീഠമായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് നേരെ കോടതിമുറിയിൽ അഭിഭാഷകൻ ഷൂ എറിഞ്ഞ സംഭവത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് അതിശക്തമായ പ്രതിഷേധവും അപലപനവും രേഖപ്പെടുത്തി.
രാജ്യത്തിന്റെ നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന നീതിന്യായ വ്യവസ്ഥക്ക് നേരെ നടന്ന ഈ ഹീനമായ നടപടി, ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളുടെ വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.
ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള വർഗീയ രാഷ്ട്രീയത്തിന്റെ ദയനീയമായ ശ്രമത്തെയാണ് ഇത് തുറന്നു കാട്ടുന്നത്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കോടതികൾ വിധിയെഴുതുന്നില്ലെങ്കിൽ, അതിനെ തെരുവ് നിയമം കൊണ്ട് നേരിടുമെന്ന ഫാഷിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിൽ.
ഭരണഘടന സ്ഥാപനങ്ങളെ കീഴ്പ്പെടുത്താനോ തകർക്കാനോ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

