അപേക്ഷകളുടെ പോക്കുവരവ് അറിയാം ‘പ്രവാസി മിത്രം’ തയാർ
text_fieldsകുവൈത്ത് സിറ്റി: പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യങ്ങൾക്കു പരിഹാരമായി സംസ്ഥാന റവന്യൂ, സർവേ വകുപ്പിന്റെ പ്രവാസി മിത്രം പോർട്ടൽ നിലവിൽവന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോർട്ടലിന്റെ സേവനം ഉദ്ഘാടനം ചെയ്തു. ഇതോടെ വെബ്സൈറ്റ് വഴിയുള്ള രജിസ്ട്രേഷൻ അപേക്ഷ നൽകുന്ന നടപടികൾക്കും തുടക്കമായി.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഒറ്റക്ലിക്കിൽ തന്നെ റവന്യൂ, സർവേ വിഭാഗം സേവനങ്ങൾ ഉപയോഗപ്പെടുത്താനും അപേക്ഷകൾ സംബന്ധിച്ച തുടർ നടപടികൾ പിന്തുടരാനും പ്രവാസികൾക്ക് സൗകര്യമൊരുക്കുന്നതാണ് പ്രവാസി മിത്രം പോർട്ടൽ.
വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ എന്നിവിടങ്ങളിൽ നൽകിയ വിവിധ രേഖകൾ, മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള സർട്ടിഫിക്കറ്റുകൾ, ഭൂനികുതി, കെട്ടിട നികുതി, ഭൂമി തരംതിരിക്കൽ, ഭൂമി ഏറ്റെടുക്കൽ, പട്ടയം, റവന്യൂ റിക്കവറി, പോക്കുവരവ്, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രവാസി മിത്രം പോർട്ടലിൽ താഴെ കൊടുക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പരാതികൾ സമർപ്പിക്കാനും മറ്റു സേവനങ്ങൾ ലഭ്യമാക്കാനും ഓൺലൈൻ വഴി സാധിക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഉപയോഗിക്കാൻ കഴിയും വിധമാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.
സംസ്ഥാന നോഡൽ ഓഫിസർ, വിവിധ ജില്ല നോഡൽ ഓഫിസർ എന്നിവരുടെ മൊബൈൽ നമ്പറും ഓഫിസ് നമ്പറുകളുമെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്.
വെബ്സൈറ്റ് ലിങ്ക്
http://pravasimithram.kerala.gov.in
അപേക്ഷ സമർപ്പിക്കേണ്ട വിധം
‘Create an account’ ഓപ്ഷൻ ഉപയോഗിച്ച് യൂസർ അക്കൗണ്ട് തയാറാക്കുക. യൂസർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോൾ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിന്റെ ഭാഗമായി അപേക്ഷിക്കുന്ന ആളിന്റെ ഇ-മെയിൽ വിലാസം നൽകേണ്ടതാണ്. ഇ-മെയിലിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് യൂസർ അക്കൗണ്ട് നിർമാണം പൂർത്തിയാവും.
അക്കൗണ്ട് നിർമിച്ചുകഴിഞ്ഞാൽ ഇ-മെയിൽ ഐ.ഡിയിലേക്കു വരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്തശേഷം റവന്യൂ സംബന്ധമായതോ സർവേ സംബന്ധമായ പരാതിയോ എന്ന ഓപ്ഷനിൽനിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുക. അതിനുശേഷം മുമ്പ് നൽകിയ പരാതി സംബന്ധിച്ച വിവരങ്ങൾ (പരാതി നൽകിയ ഓഫിസ്, ഫയൽ നമ്പർ, പരാതി വിഷയം എന്നിവ) നൽകുക.പരാതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രേഖകൾ അപ്ലോഡ് ചെയ്യണമെങ്കിൽ അതിനുള്ള ഓപ്ഷനും ഉണ്ട്. ഒന്നിൽ കൂടുതൽ രേഖകൾ ഉണ്ടെങ്കിൽ ഒറ്റ ഫയലാക്കിയതിനുശേഷമേ അപ്ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. അറ്റാച്ച്മെന്റ് പി.ഡി.എഫ് ഫോർമാറ്റിലായിരിക്കണം. കൂടാതെ അറ്റാച്ച്മെന്റ് സൈസ് ഒരു എം.ബിയിൽ താഴെയായിരിക്കണം
ബന്ധപ്പെട്ട ഓഫിസിലേക്ക് പരാതി സമർപ്പിച്ചതിനു ശേഷം പരാതിയുടെ സ്റ്റാറ്റസ് ‘പ്രവാസി മിത്രം’ പോർട്ടലിലൂടെതന്നെ പരിശോധിക്കാവുന്നതാണ്.
അപേക്ഷയുടെ ഗതിയറിയാം
ഹ്രസ്വകാല അവധിക്കും മറ്റുമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് റവന്യൂ, സർവേ വിഭാഗങ്ങളുടെ സേവനം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന പ്രവാസി മിത്രം പോർട്ടൽ. പ്രവാസികൾക്ക് നാട്ടിലെ വസ്തുസംബന്ധമായ പോക്കുവരവ് നടപടിക്രമങ്ങൾ, വിവിധ രേഖകൾ, മക്കളുടെ ഉന്നതപഠനം, തൊഴിൽ ആവശ്യം എന്നിവക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കായി നൽകിയ അപേക്ഷ സംബന്ധിച്ച സ്റ്റാറ്റസ് ഇതുവഴി അറിയാം.
ലഭിക്കുന്ന അപേക്ഷകളും പരാതികളും കൈകാര്യം ചെയ്യുന്നതിന് ജില്ല കലക്ടറേറ്റുകളിൽ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലും ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുമായി പ്രവാസി സെല്ലും പ്രത്യേകം പ്രവർത്തിക്കുന്നുണ്ട്. ‘പ്രവാസി മിത്രം’ വഴി ലഭിക്കുന്ന അപേക്ഷകൾ കൈകാര്യംചെയ്ത് പുരോഗതി യഥാസമയം രേഖപ്പെടുത്തുന്നതിനായി ഓരോ റവന്യൂ-സർവേ ഓഫിസുകളിലും പ്രത്യേക നോഡൽ ഓഫിസർമാരുമുണ്ട്.
2020 ജനുവരിയിൽ നടന്ന ലോകകേരള സഭയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് തങ്ങൾ ജോലിചെയ്യുന്ന നാടുകളിൽനിന്നുതന്നെ പരാതികൾ സമർപ്പിക്കാൻ സൗകര്യം വേണമെന്നത്. കഴിഞ്ഞ വർഷം നടന്ന ലോകകേരള സഭയിൽ ഈ വിഷയത്തിൽ ഉടൻ പരിഹാരം എന്ന നിലയിൽ ഓൺലൈൻ സംവിധാനം ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായാണ് പ്രവാസികൾക്ക് ഏറെ ആശ്വാസമാവുന്ന ‘പ്രവാസി മിത്രം’ നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

