പ്രവാസ ഓണം
text_fieldsവിജയൻ നായരും കുടുംബവും
വിജയൻ നായർ
ദേവന്മാരെ പോലും അസൂയപ്പെടുത്തുന്ന രീതിയിൽ ജീവിച്ചിരുന്ന മഹാബലി ചക്രവർത്തിയുടെ ഓർമ ദിവസമാണ് നാം ഓണമായി ആഘോഷിക്കുന്നത്. ഓരോ വർഷവും തിരുവോണ നാളിൽ തന്റെ പ്രജകളെ സന്ദർശിക്കാൻ വാമനൻ മഹാബലിക്ക് അനുവാദം നൽകുകയും, അന്നേ ദിവസം അദൃശ്യനായി മഹാബലി വരുന്നു എന്നുമാണ് വിശ്വാസം. ഈ ദിവസം തിരുവോണമായി നാം ആഘോഷിക്കുന്നു. ഓണം എന്നും മലയാളികൾക്ക് അഭിമാനമാണ്. നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും നന്മയും മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരമാണിത്. മറുനാടുകളിലാകുമ്പോൾ ഇതിന് ഏറെ പ്രസക്തിയുണ്ട്.
ഓണം നാട്ടിലുള്ളവരെക്കാളും ഗംഭീരമായി ആഘോഷിക്കുന്നവരാണ് പ്രവാസികൾ. കേരളക്കരയിൽ ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത് നാൾ ഓണം ആഘോഷിക്കുമ്പോൾ പ്രവാസികൾക്ക് മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷമാണ്. മലയാളീസൗഹൃദ കൂട്ടായ്മകൾ പൊതു അവധി ദിനങ്ങളിൽ മാത്രം നടത്തുന്ന ഈ ആഘോഷങ്ങളിൽ നാട്ടിലെ ഓണത്തിന്റെ അതേ പ്രതീതി പരമാവധി കൊണ്ടുവരാൻ ശ്രമിക്കുന്നു. നാട്ടിൽ ലഭിക്കുന്ന എല്ലാ പച്ചക്കറികളും വാഴക്കുല ഉൾപ്പെടെ ഈ കാലത്ത് ഇവിടെയും സുലഭമായി ലഭിക്കുന്നു. അതുകൊണ്ട് ഓണ വിഭവങ്ങളെല്ലാം തയാറാക്കി അതിഗംഭീരമായി തന്നെ ഓണം ഇവിടെയും ആഘോഷിക്കുന്നു.
മറ്റു സംസ്ഥാനങ്ങൾക്കും രാജ്യക്കാർക്കും കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുന്നതിനുള്ള അവസരം കൂടിയാണ് ഇത്. അനേകം കലാപരിപാടികളും ഇതിനൊപ്പം സംഘടിപ്പിക്കാറുണ്ട്. തിരുവാതിരക്കളിയും മാവേലിയും ഇല്ലാത്ത ഒരാഘോഷവും ഇവിടെ ഉണ്ടാകാറില്ല. നന്മയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമാണ് ഓണം. വിദേശത്ത് ജനിച്ചുവളരുന്ന കുഞ്ഞുങ്ങൾക്കും നമ്മുടെ തനതായ ആഘോഷങ്ങളെ പരിചയപ്പെടുത്താൻ ഇതുപോലുള്ള പരിപാടികൾ ഉപകരിക്കുന്നു.
ഹരിതഭംഗി അനുദിനം നഷ്ടപ്പെടുന്ന നഗരവത്കരിക്കപ്പെട്ട ഗ്രാമങ്ങളും, കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന വീടുകളുമാണിന്ന് കേരളത്തിന്റെ സ്ഥിതി. ശീതീകരിച്ച മുറികളിൽ പൂക്കളിട്ടും സദ്യ ഉണ്ടും പ്രവാസികൾ ഓണം ആഘോഷിക്കുമ്പോൾ, നാട്ടിലെ പഴയ ഓണക്കാലവും അതിന്റെ ഭംഗിയും ബന്ധങ്ങളുടെ സുഗന്ധവുമെല്ലാം നഷ്ടസ്മൃതിയായി ഓരോ മലയാളിയുടെയും ഉള്ളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
