പ്രകൃതിചികിത്സ അർബുദ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗം -–കാൻസർ പ്രതിരോധ വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അർബുദരോഗികൾക്കുവേണ്ടി നൽകുന്ന പ്രകൃതിചികിത്സ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗം തന്നെയാണെന്ന് അധികൃതർ. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ കുവൈത്ത് കാൻസർ പ്രതിരോധ സെൻററിലെ ചികിത്സാ വിഭാഗം മേധാവി ഡോ. ഹനാഅ് അൽ ഖമീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലോപ്പതിയോടൊപ്പം പ്രകൃതിചികിത്സയും കാൻസർ പ്രതിരോധ രംഗത്ത് അനിവാര്യഘടകമായി മാറിയിട്ടുണ്ട്. കീമോ തെറപ്പി നൽകിക്കൊണ്ടിരിക്കുന്ന അർബുദ രോഗികൾക്കാണ് ഇപ്പോൾ പ്രകൃതിചികിത്സയും ഒരുമിച്ച് നൽകുന്നത്.
ഭാവിയിൽ റേഡിയേഷന് വിധേയരാക്കുന്ന രോഗികൾക്കും പ്രകൃതി ചികിത്സ നൽകാൻ പദ്ധതിയുണ്ട്. അമേരിക്കയിൽനിന്ന് വിദഗ്ധ യോഗ്യത നേടിയവരാണ് ഈ രംഗത്തുള്ളത്. സ്തനാർബുദ രോഗികളിൽ അലോപ്പതിയോടൊപ്പം പ്രകൃതി ചികിത്സ നടത്തുന്നത് നല്ല ഫലമാണ് ഉണ്ടാക്കുന്നത്. രണ്ടു ചികിത്സാരീതികളും ഒരുമിച്ചുകൊണ്ടുപോകുന്നവർക്കായി കേന്ദ്രത്തിൽ പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. കാൻസർ പ്രതിരോധരംഗത്ത് ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളുമാണ് കേന്ദ്രത്തിലുള്ളത്. ഈ മേഖലയിൽ ലഭ്യമാവുന്ന ഏറ്റവും പുതിയ അറിവുകളും കണ്ടെത്തലുകളും പരസ്പരം പങ്കുവെക്കാൻ നിരവധി രാജ്യങ്ങളുമായി ആരോഗ്യമന്ത്രാലയം നേരത്തേ ധാരണയിലെത്തിയതാണെന്നും ഹനാഅ് അൽ ഖമീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
