മഴക്കെടുതി പൊതുമരാമത്ത് മന്ത്രിയുടെ രാജി സ്വീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽറൂമിയുടെ രാജി പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് സ്വീകരിച്ചു. മഴക്കെടുതിയിൽ പൊതുജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് മന്ത്രി രാജിവെച്ചത്. ഒരാഴ്ചക്കിടെ രണ്ടാം തവണ വെള്ളപ്പൊക്കം ഉണ്ടായപ്പോൾതന്നെ മന്ത്രി രാജി സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സ്വീകരിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണപ്രവർത്തനങ്ങൾക്കും മന്ത്രിതന്നെ മേൽനോട്ടം വഹിച്ചുവന്നിരുന്നതിനാലാണ് രാജി സ്വീകരിക്കൽ വൈകിച്ചത്. റോഡുകളുടെയും പാലങ്ങളുടെയും ഒാടകളുടെയും നിർമാണപ്രവർത്തനങ്ങളിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി എം.പിമാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കുറ്റവിചാരണ നേരിടുന്ന എണ്ണ മന്ത്രി ബകീത് അൽ റഷീദിയും പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചിട്ടുണ്ട്. എണ്ണമന്ത്രിയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇദ്ദേഹത്തിെൻറ രാജിവിഷയം മന്ത്രിസഭ ചർച്ചചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ്. എണ്ണ ശുദ്ധീകരണശാലകളുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളും അനധികൃത നിയമനങ്ങളും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ബഗീത് അൽ റഷീദിക്കെതിരെ എം.പിമാരായ ഫൈസൽ അൽ കൻദരി, ഖലീൽ അബുൽ, അൽ ഹുമൈദി അൽ സുബൈഇ എന്നിവർ കുറ്റവിചാരണ നോട്ടീസ് നൽകിയത്. അതിനിടെ മഴയെ തുടർന്ന് വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപകമായി നാശം സംഭവിച്ചതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർപ്പിടകാര്യ മന്ത്രി ജിനാൻ ബൂഷഹരിയും രാജിവെക്കണമെന്ന് ഈസ അൽ കന്ദരി എം.പി കഴിഞ്ഞദിവസം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
