ജലീബ് അൽ ശുയൂഖിൽ ജനസാന്ദ്രത കുറഞ്ഞു
text_fieldsകുവൈത്തിലെ സാൽമിയ
കുവൈത്ത് സിറ്റി: മലയാളികൾ തിങ്ങിത്താമസിക്കുന്ന ജലീബ് അൽ ശുയൂഖിൽ ജനസാന്ദ്രത കുറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് സാൽമിയ ആണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം.
ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ശുയൂഖ് ആയിരുന്നു നേരത്തേ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. എന്നാൽ, കോവിഡിന് ശേഷം ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് താമസം മാറുന്ന ആളുകളുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 2,71,000 ആണ് ജലീബ് അൽ ശുയൂഖിലെ താമസക്കാരുടെ എണ്ണം. കുവൈത്ത് പൗരന്മാരും വിദേശികളും പൗരത്വരഹിതരും ഉൾപ്പെടെയുള്ള കണക്കാണിത്.
2019ൽ 3,28,000 താമസക്കാർ ഉണ്ടായിരുന്ന സ്ഥാനത്താണ് കോവിഡിന് ശേഷം താമസക്കാരുടെ എണ്ണം അരലക്ഷത്തിലേറെ കുറഞ്ഞത്. ആളുകൾ മറ്റു പ്രദേശങ്ങളിലേക്ക് താമസം മാറിയതും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി വിദേശികൾക്ക് പ്രവാസം അവസാനിപ്പിക്കേണ്ടിവന്നതും ജലീബിലെ ജനസാന്ദ്രത കുറയാൻ കാരണമായിട്ടുണ്ട്. നിലവിൽ ഹവല്ലി ഗവർണറേറ്റിലെ സാൽമിയ ആണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള താമസമേഖല. 2,82 541 പേരാണ് സാൽമിയയിൽ താമസിക്കുന്നത്.
പുതുതായി സ്ഥാപിക്കപ്പെട്ട അൻജഫ അൽ ബിദ അൽ മസീല, അബു അൽ ഹസനിയ, ഖൈറാൻ റെസിഡൻഷ്യൽ ഏരിയ എന്നീ പ്രദേശങ്ങളാണ് താമസക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ളത്. ആയിരത്തിൽ താഴെയാണ് ഇവിടങ്ങളിലെ താമസക്കാരുടെ എണ്ണം. ഇതിൽ അൻജഫയിലെ താമസക്കാരുടെ എണ്ണം വെറും 328 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

