സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പട്രോളിങ് വർധിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പട്രോളിങ് ശക്തമാക്കാൻ നിർദേശം. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാനാണ് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ അൻവർ അൽ ബർജാസ് ഫീൽഡ് പട്രോളിങ് സംഘങ്ങൾക്ക് നിർദേശം നൽകിയത്.
സുരക്ഷാ ചുമതലകൾ നടപ്പാക്കുന്നതിൽ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലും പൊതുസുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ സേനാ വിന്യാസവും പട്രോളിങ്ങും ശക്തമാക്കണം. പുതിയ സുരക്ഷാ നയം രൂപവത്കരിച്ച് നടപ്പാക്കുന്നതിനായി ട്രാഫിക്, പൊതുസുരക്ഷ, ക്രിമിനല്‍ സെക്യൂരിറ്റി തുടങ്ങിയ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും നിർദേശിച്ചു. ഏല്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍ നടപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികള്‍ സ്വീകരിക്കുമ്പോള്‍ മാനുഷിക മൂല്യങ്ങള്‍ മാനിക്കണം, പൊതുജനങ്ങളുമായി സൗഹാര്‍ദപരമായി തന്നെ ആശയവിനിമയം നടത്തണം.
പൗരന്മാരുടെയോ താമസക്കാരുടെയോ ജീവന്‍ അപകടപ്പെടുത്തുന്നതരത്തിലുള്ള ഏതെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാൻ കഴിവുകളുള്ളവരാണ് രാജ്യത്തെ മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരെന്നും അല്‍ ബര്‍ജാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എപ്പോഴും തിരിച്ചറിയല്‍ രേഖ കൈവശം വെക്കണമെന്നും പൊതുജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

