കുവൈത്തിൽ ചൂടുനീങ്ങി; പകലും സജീവമായി കളിയിടങ്ങൾ
text_fieldsഫർവാനിയയിലെ പാർക്കിൽ പകൽ സമയത്ത് ഫുട്ബാൾ കളിക്കുന്ന കുട്ടികൾ
കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥയിൽ മാറ്റംവരുകയും താപനില താഴുകയും ചെയ്തതോടെ പകലിലും സജീവമായി കളിയിടങ്ങൾ. നേരത്തെ അതിരാവിലെയും വൈകുന്നേരങ്ങളിലും മാത്രം പുറത്ത് വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നവരെ ഇപ്പോൾ ഉച്ചസമയങ്ങളിൽ പോലും പുറത്തുകാണാം. ഒഴിഞ്ഞ ഇടങ്ങളിലും ഗ്രൗണ്ടുകളിലും എല്ലാ സമയങ്ങളിലും ഇപ്പോൾ വിവിധ കളികളും നടക്കുന്നുണ്ട്.
ഫർവാനിയയിലെ പാർക്കിലെ ഫുട്ബാൾ ടർഫിൽ എല്ലാ സമയത്തും കളിനടക്കുന്നുണ്ട്. തണുത്ത അന്തരീക്ഷം ആയതിനാൽ ക്ഷീണിക്കാതെ കളിക്കാമെന്ന് കുട്ടികൾ അടക്കമുള്ളവർ പറയുന്നു. തണുപ്പിൽനിന്ന് രക്ഷനേടാനും പലരും ഫുട്ബാൾ, ക്രിക്കറ്റ് കളികളിൽ ഏർപ്പെടുന്നുണ്ട്. വിവിധ ജോലികളിൽ ഏർപ്പെടുന്നവർ വെള്ളിയാഴ്ചകളിലാണ് ഗ്രൗണ്ടിലിറങ്ങുന്നത്.
പാർക്കുകളിൽ നടക്കാനും വ്യായാമം ചെയ്യാനും കൂടുതൽ പേർ എത്തുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് പാർക്കുകളിൽ ആളുകളെത്തുന്നത്. എന്നാൽ, രാവിലെ നല്ല തണുപ്പ് അനുഭവപ്പെടുന്നതിനാൽ പകലും പാർക്കുകളിൽ ആളുകളെത്തുന്നുണ്ട്.
ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കഴിഞ്ഞതോടെ രാത്രി ടർഫുകളും സജീവമായി. തണുപ്പിന്റെ സാഹചര്യത്തിൽ ജിംനേഷ്യങ്ങളിലും ആളുകൾ കൂടുതൽ പോയിത്തുടങ്ങിയിട്ടുണ്ട്. തണുപ്പുകാലം ആരോഗ്യ പരിരക്ഷാ കാലമായി മാറ്റിയെടുക്കുകയാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

