പ്ലാസ്റ്റിക് പെറുക്കൽ മത്സരം: ശേഖരിച്ചത് 2514 കിലോ മാലിന്യം
text_fieldsകുവൈത്ത് സിറ്റി: പ്ലാസ്റ്റിക് പെറുക്കൽ മത്സരത്തിലൂടെ കുവൈത്ത് പരിസ്ഥിതി അതോറിറ്റി ശേഖരിച്ചത് 2,514 കിലോ പ്ലാസ്റ്റിക് മാലിന്യം. യുവർ റൈറ്റ് ടേൺ എന്ന പേരിൽ നടത്തിയ റമദാൻ കാമ്പയിനിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
മാലിന്യം ഉറവിടത്തിൽനിന്നുതന്നെ തരംതിരിക്കുന്നത് സംബന്ധിച്ച ബോധവത്കരണത്തിനായാണ് അതോറിറ്റി കാമ്പയിനും മത്സരവും സംഘടിപ്പിച്ചത്. സ്രോതസ്സിൽനിന്ന് മാലിന്യം തരംതിരിക്കാൻ ജനങ്ങളെ പ്രചോദിപ്പിക്കുക, പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരായ തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി ഡയറക്ടർ ശൈഖ് അബ്ദുല്ല അൽ അഹമ്മദ് പറഞ്ഞു.
കുവൈത്തിലെ മാലിന്യങ്ങളുടെ അളവ് കുറക്കാനും പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാൻറുകളുടെ സാമ്പത്തിക സാധ്യത വർധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൈഫാൻ പാർക്ക് കേന്ദ്രീകരിച്ചായിരുന്നു മത്സരം.
358 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച വതനിയ പ്രൈവറ്റ് സ്കൂളിനാണ് ഒന്നാം സ്ഥാനം. അബ്ദുൽ ഹാദി അൽ ബാഖിഷി, അഹമ്മദ് അത്തല്ല എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 500, 200, 100 ദിനാർ വീതം സമ്മാനമായി നൽകുമെന്ന് പരിസ്ഥിതി അതോറിറ്റി വക്താവ് ശൈഖ ഇബ്രാഹീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

