പി.കെ. ജമാൽ നന്മകൾ വിതറിയ സൗമ്യതയുടെ മുഖം -അനുസ്മരണ സമ്മേളനം
text_fieldsകെ.ഐ.ജി സംഘടിപ്പിച്ച പി.കെ. ജമാൽ അനുസ്മരണ സമ്മേളനത്തിൽ ഡോ. അമീർ അഹമ്മദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസത്തെ ഒരു നിയോഗമായി ഏറ്റെടുത്തു കുവൈത്തിലെ മത സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നന്മകൾ വിതറിയ സൗമ്യതയുടെ മുഖമായിരുന്നു കെ.ഐ.ജി മുൻ പ്രസിഡന്റ് പി.കെ. ജമാലെന്ന് കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
നാലു പതിറ്റാണ്ടോളം കുവൈത്തിലെ പ്രവാസലോകത്ത് സജീവമായിരുന്ന പി.കെ. ജമാൽ യുനൈറ്റഡ് മലയാളി ഓർഗനൈസേഷൻ, ഫ്രൈഡേ ഫോറം, ഇസ്ലാം പ്രസന്റേഷൻ കമ്മിറ്റി തുടങ്ങി ഒട്ടനവധി സംരംഭങ്ങൾക്ക് തുടക്കംകുറിച്ച പ്രമുഖരിൽ പ്രധാനിയാണ്.
പ്രവാസലോകത്തും നാട്ടിലും എല്ലാ വിഭാഗം ജനങ്ങളുമായും വിശാലമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും അതേസമയം സ്വദേശി സമൂഹവുമായി ആത്മബന്ധം പുലർത്തുകയും ചെയ്തതായും അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഖുത്ബകളിലൂടെയും ക്ലാസുകളിലൂടെയും എഴുത്തിലൂടെയും ജനങ്ങളുമായി നിരന്തരമായി സംവദിച്ചു. ഒരോരുത്തർക്കും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനെന്ന് തോന്നുമാറ് സ്നേഹവും സൗഹൃദവും പുലർത്തി.
അനുസ്മരണ സമ്മേളന സദസ്സ്
വിശ്രമമില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പി.കെ. ജമാൽ പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷവും നാട്ടിൽ പ്രവർത്തനങ്ങൾ തുടർന്നതായും സൂചിപ്പിച്ചു.
ഡോ. അമീർ അഹമ്മദ്, അപ്സര മഹ്മൂദ്, അഡ്രസ് ഷബീർ, ഖലീൽ അടൂർ, അസീസ് തിക്കോടി, ഷറഫുദ്ദീൻ കണ്ണേത്ത്, അനിയൻ കുഞ്ഞ് പാപ്പച്ചൻ, പി.വി. ഇബ്രാഹിം, ബഷീർ ബാത്ത, ഹമീദ് കേളോത്ത്, മലയിൽ മൂസക്കോയ, യൂസുഫ് അമ്മിക്കണ്ണാടി, യൂസുഫ് പൊന്നാനി, അബ്ദുല്ലത്തീഫ്, റഷീദ് എന്നിവർ സംസാരിച്ചു.
ഫഹാഹീൽ യൂനിറ്റി സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ കെ ഐ.ജി.ആക്റ്റിങ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷതവഹിച്ചു. എം.കെ. അബ്ദുൽ ഗഫൂർ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും സെക്രട്ടറി സാബിഖ് യൂസുഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

