കുവൈത്തിലേക്ക് തൊഴിലാളി വിലക്കിന് തീരുമാനിച്ചിട്ടില്ലെന്ന് ഫിലിപ്പീൻസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാര്ഹിക തൊഴിലാളികളെ അയക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഫിലിപ്പീൻസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഫിലിപ്പീൻസിലെ വാർത്താ ചാനലായ എ.എൻ.സിക്ക് നൽകിയ അഭിമുഖത്തിൽ വിദേശകാര്യ അണ്ടർ സെക്രട്ടറി എഡ്വേർഡോ ഡി. വേഗയാണ് ഇക്കാര്യം വിശദീകരിച്ചത്. അതേസമയം, വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്നും കുവൈത്തിലെ ഫിലിപ്പിനോ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും താൽക്കാലിക നടപടികളിൽ ആശ്രയിച്ചായിരിക്കരുത്; സ്ഥിരമായ പരിഹാരമാണ് വേണ്ടത്’ ഡി വേഗ കൂട്ടിച്ചേർത്തു. ഫിലിപ്പിനോ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സർക്കാറുമായി കൂടുതൽ ചർച്ചകൾ തുടരുകയാണ്.
ഡാഫ്നി നകലബാൻ, ജെന്നി ആൽവരാഡോ എന്നീ ഫിലിപ്പീനി തൊഴിലാളികളുടെ ദാരുണ മരണത്തെ തുടർന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്താൻ ആലോചിക്കുന്നുവെന്ന് ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി ഹാൻസ് കാക്ഡാക് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഒക്ടോബറിൽ കാണാതായ ഡാഫ്നി നകലബാനെ പിന്നീട് കുവൈത്ത് പൗരന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, ജെന്നി അൽവരാഡോ ജോലി സ്ഥലത്ത് പുക ശ്വസിച്ച് മരിച്ചു.
ഇവരുടെ കൂടെ ഈ സംഭവത്തിൽ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരും മരിച്ചു. നിർഭാഗ്യവശാൽ മാറിപ്പോയി ആൽവരാഡോക്ക് പകരം നേപ്പാൾ പൗരന്റെ മൃതദേഹമാണ് ഫിലിപ്പൈൻസിൽ എത്തിച്ചത്. കുവൈത്തിൽ ഏകദേശം 215,000 ഫിലിപ്പിനോ തൊഴിലാളികളുണ്ട്. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കുവൈത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് 2020 ജനുവരി 15 മുതൽ ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയെങ്കിലും മധ്യസ്ഥ ചർച്ചയെ തുടർന്ന് പിന്നീട് പിൻവലിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കുവൈത്ത് അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

