രണ്ടും മൂന്നും ഘട്ട കരാർ ഒപ്പിട്ടു; നോർത്ത് അൽ സൂർ വൈദ്യുതി, ജല പദ്ധതി വികസനം പുതിയഘട്ടത്തിൽ
text_fieldsനോർത്ത് അൽസൂർ വൈദ്യുതി, ജല പദ്ധതി രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി, ജല അടിസ്ഥാന സൗകര്യ സംരംഭങ്ങളിലൊന്നായ നോർത്ത് അൽസൂർ വൈദ്യുതി, ജല പദ്ധതിയുടെ വികസനം പുതിയ ഘട്ടത്തിൽ. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള കരാറിൽ ഞായറാഴ്ച ബന്ധപ്പെട്ട കക്ഷികൾ ഒപ്പുവെച്ചതായി കുവൈത്ത് അതോറിറ്റി ഫോർ പാർട്ണർഷിപ് പ്രോജക്ട്സ് (കെ.എ.പി.പി) അറിയിച്ചു.
സൗദി ആസ്ഥാനമായ എസി.ഡബ്ല്യു.എ പവർ, ഗൾഫ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്നിവയാണ് പദ്ധതിയുടെ നിർമാണക്കാർ. വികസനത്തിന്റെ ആകെ മൂല്യം ഒരു ബില്യൺ കുവൈത്ത് ദീനാർ (ഏകദേശം 3.27 ബില്യൺ ഡോളർ) കവിയുമെന്ന് കെ.എ.പി.പി ഡയറക്ടർ ജനറൽ മുത്ലഖ് അൽ സനേയ് പറഞ്ഞു. സ്വകാര്യ നിക്ഷേപകരാണ് പദ്ധതിയില്‍ മുതല്‍മുടക്കുക. മൾട്ടി-ഫേസ്ഡ് അൽസൂർ സംരംഭത്തിന്റെ രണ്ടാമത്തെ പദ്ധതിയാണിത്. നിലവിൽ പ്രതിദിനം 2,700 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയും 120 ദശലക്ഷം ഇംപീരിയൽ ഗാലൺ ഉപ്പുവെള്ളം ശുദ്ധീകരിക്കുകയും ചെയ്യുന്നു.
പുതിയ ഘട്ടം പൂർത്തിയാകുമ്പോൾ ഉൽപാദനശേഷി ഇരട്ടിയാകും. പദ്ധതി മൂന്നു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാകുക.
ജല വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ഭാവി വികസന പദ്ധതികൾ മുന്നിൽക്കണ്ടുമുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് കെ.എ.പി.പി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിൽ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുക, രൂപകൽപന, നിർവഹണം, പ്രവർത്തനം എന്നിവയിൽ അവരുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കുക, പ്രകൃതിവിഭവങ്ങളുടെ പരമാവധി പ്രയോജനപ്പെടുത്തൽ കൈവരിക്കുക, വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

