ഫറവോ കൊമ്പൻ മൂങ്ങ
text_fieldsകുവൈത്തിലെ സ്ഥിരവാസിയായ മൂങ്ങയെ പരിചയപ്പെടുത്തുന്നു പക്ഷിനിരീക്ഷകൻ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ
കുവൈത്തിലെ സ്ഥിരവാസിയായ മൂങ്ങയാണ് ഫറാവോ ഈഗിൾ ഔൾ അഥവാ ഫറവോ കൊമ്പൻ മൂങ്ങ. നോർത്ത് ആഫ്രിക്കയിലെ സഹാറൻ മരുഭൂമിയിലും അറേബ്യൻ മരുഭൂമികളിലും ഇവയുടെ സാന്നിധ്യമുണ്ട്. ദേശാടന സ്വഭാവം ഇല്ലാത്ത ഇവ വർഷം മുഴുവനും കുവൈത്തിൽ തങ്ങുകയാണ് പതിവ്. കൊമ്പൻ മൂങ്ങകളുടെ കൂട്ടത്തിൽ ഇടത്തരം വലുപ്പം മാത്രമുള്ള മൂങ്ങയാണിവ. എന്നാൽ, പ്രധാനപ്പെട്ട പത്തു കൊമ്പൻ മൂങ്ങകളിൽ ഒന്നുമാണ്.
50 സെന്റിമീറ്റർ വരെ നീളം ഉള്ള ഇവക്ക് കറുപ്പ് പൊട്ടുകൾ ചേർന്ന സ്വർണമണലിന്റെ നിറമാണ്. ഓറഞ്ചു നിറത്തിലുള്ള വലിയ കണ്ണുകൾ പ്രത്യേകതയാണ്. ഇവയുടെ മുഖത്തിന് ചുറ്റും കറുത്ത തൂവലുകളുടെ ഒരു നിരയും ഉണ്ട്. തലക്ക് മുകളിൽ കൊമ്പിനെ അനുസ്മരിപ്പിക്കുന്ന കിന്നരി തൂവലുകളുമുണ്ട്.
തുറസ്സായ മരുഭൂമികളിലാണ് ജീവിക്കുന്ന ഈ മൂങ്ങകൾ ജീവിതകാലം മുഴുവൻ ഒരു ഇണയോടൊപ്പം മാത്രമാണ് കഴിയുക. പ്രജനന കാലത്ത് മരുഭൂമിയിലെ വാദികളിലും ചെറുകുന്നിൻ പ്രദേശങ്ങളിലും മാളങ്ങളിലും ചെറു ഗുഹകളിലുമാണ് കൂടുകൂട്ടാറ്. രാത്രി സഞ്ചാരിയായ ഇവ വൈകുന്നേരത്തോടെ തന്നെ ഇരതേടാൻ സജ്ജമാകും. ഈ സമയത്ത് വലിയ മുഴക്കമുള്ള കൂജനങ്ങൾ നടത്താറുണ്ട്. ചെറു സസ്തനികളും ഇടത്തരം വലുപ്പമുള്ള ഉരഗങ്ങളുമാണ് മുഖ്യ ഭക്ഷണം.
ഇർവിൻ ജോസ് നെല്ലിക്കുന്നേൽ
ശൈത്യകാലത്തിന്റെ അവസാനം പ്രജനനം നടത്തുന്ന ഇവ ഒരു തവണ രണ്ടു മുതൽ മൂന്ന് മുട്ടകൾ വരെ ഇടുന്നു. 31 ദിവസത്തെ അടയിരിക്കൽ കൊണ്ട് വിരിഞ്ഞിറങ്ങുന്ന കുട്ടികൾ ഒരു മാസത്തിനകം പൂർണ വളർച്ചയെത്തും. ഈജിപ്ഷ്യൻ സംസ്കാരത്തിൽ ഫറവോ റമീസ് രണ്ടാമന്റെ കാലത്ത് ഇവക്ക് പ്രാധാന്യം കൈവന്നു.
ഈ കാലയളവിൽ നിന്നും ഇവയുടെ മമ്മികൾ കിട്ടിയിട്ടുണ്ട്. തിളങ്ങുന്ന ഓറഞ്ച് കണ്ണുകൾ ഉള്ളതുകൊണ്ട് ഇവയുടെ കണ്ണിൽ സൂര്യൻ ഉണ്ടെന്ന് പുരാതന ഈജിപ്തുകാർ വിശ്വസിച്ചിരുന്നു.
ഒരിക്കൽ ഫറവോയുടെ മുഖത്ത് ചിറകു കൊണ്ട് അടിക്കുകയും അതിൽപിന്നെ ഇവയെ ദുശ്ശകുനമായി കണക്കാക്കുകയും ചെയ്യപ്പെട്ടു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

