പെട്രോളിയം ഉൽപന്നക്കടത്ത്; നാല് ഇന്ത്യക്കാരടക്കമുള്ള സംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികളും കണ്ടെയ്നറുകളും
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നിയമവിരുദ്ധമായി പെട്രോളിയം ഉൽപന്നങ്ങൾ കടത്തുന്ന നാല് ഇന്ത്യക്കാർ അടക്കമുള്ള സംഘം പിടിയിൽ. ഇരുമ്പ് എന്ന വ്യാജേന പത്ത് കണ്ടെയ്നറുകളിലായി പെട്രോളിയം ഉൽപന്നങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്താനായിരുന്നു നീക്കം. പരിശോധനയിൽ കണ്ടെയ്നറുകളിൽ പെട്രോളിയം വസ്തുക്കളാണെന്ന് അധികൃതർ കണ്ടെത്തി.
അന്വേഷണത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റിയിൽ ജോലിചെയ്യുന്ന സ്വദേശി, ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുന്ന സ്വദേശി എന്നിവരുടെ പങ്ക് തെളിഞ്ഞു. ഒരു ഇന്ത്യൻ പൗരൻ, ഈജിപ്ഷ്യൻ പൗരൻ എന്നിവർ കയറ്റുമതിക്കായി കബ്ദിൽ പെട്രോളിയം വസ്തുക്കൾ ശേഖരിക്കുകയും നിയമവിരുദ്ധ കയറ്റുമതിക്ക് കസ്റ്റംസ് രേഖകൾ വ്യാജമായി നിർമിക്കുന്നതായും കണ്ടെത്തി. ഇവിടെ നടത്തിയ റെയ്ഡിൽ മറ്റ് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ ഇവർ പങ്കാളിത്തം സമ്മതിക്കുകയും ഏകദേശം എട്ടു മാസമായി കള്ളക്കടത്ത് പ്രവർത്തനം നടത്തിവരുകയും പ്രതിമാസം രണ്ട് ചരക്കുകൾ അയക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തി. കൂടുതൽ അന്വേഷണത്തിൽ ഷുവൈഖ് തുറമുഖത്തെ കസ്റ്റംസ് ഇൻസ്പെക്ടർ കയറ്റുമതി ക്ലിയർ ചെയ്യുന്നതിന് പ്രതികളെ സഹായിച്ചതായും കണ്ടെത്തി. കബ്ദിലെ കൃഷിഭൂമി പാട്ടത്തിനെടുത്ത് നിയമവിരുദ്ധ പ്രവർത്തനത്തിന് മറിച്ചുനൽകിയ സിറിയൻ പൗരനെയും കേസിൽ പ്രതിചേർത്തു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, ഡിപ്പാർട്മെന്റ് ഓഫ് കോംബാറ്റിങ് ഫിനാൻഷ്യൽ ക്രൈംസ്, ഡിപ്പാർട്മെന്റ് ഓഫ് മാരിടൈം പോർട്സ് ഇൻവെസ്റ്റിഗേഷൻസ് എന്നിവ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി ഏകോപിപ്പിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

